‘അഭിമന്യുവിനെ വധിച്ചത് 15 അംഗ സംഘം; കൊല നടത്തിയത് കറുത്ത ഫുൾകൈ ഷർട്ട് ധരിച്ചയാള്‍, അക്രമികള്‍ രണ്ട് തവണ ക്യാമ്പസ് പരിസരത്തെത്തി’ - എഫ്ഐആർ റിപ്പോര്‍ട്ട് പുറത്ത്
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ വധിച്ചത് 15 അംഗ സംഘമെന്ന് എഫ്ഐആർ. അക്രമി സംഘത്തിലുള്ള 14 പേര്‍ ക്യാമ്പസിനു പുറത്തു നിന്നും എത്തിയവരാണ്. വൻ ഗൂഢാലോചനയ്‌ക്കു ശേഷമാണ് കൊല നടന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൊല നടത്തിയത് കറുത്ത ഫുൾകൈ ഷർട്ടിട്ട പൊക്കം കുറഞ്ഞയാണ്. ആക്രമി സംഘം രണ്ട് തവണ ക്യാമ്പസ് പരിസരത്ത് എത്തിയിരുന്നു. അഭിമന്യുവിനെ ആക്രമിക്കുന്നത് രാത്രി 12.30നാണ്. രാത്രി 9.30നും സംഘം കോളേജിലെത്തിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ സംഘം തന്നെയാണ് അർജുനെയും ആക്രമിച്ചത്.
സംഘര്‍ഷങ്ങളൊന്നുമില്ലാതിരുന്ന കോളേജിൽ മുൻനിശ്ചയ പ്രകാരമാണ് പ്രതികൾ കൊലപാതകം നടത്താനെത്തിയത്. 15 പ്രതികളിൽ മുഹമ്മദ് എന്ന പേരില്‍ രണ്ടു പേര്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. ഒരാള്‍ കോളേജിലെ വിദ്യാര്‍ഥിയും മറ്റേയാള്‍ പുറത്തു നിന്നെത്തിയവരുടെ കൂട്ടത്തില്‍ ഉള്ളയാളുമാണെന്നും പൊലീസ് പറയുന്നു.
കോളേജ് വിദ്യാര്‍ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. ഇയാൾ ഇപ്പോൾ ഒളിവിലാണ്. മുഹമ്മദിനൊപ്പം കോളേജിലെത്തിയ 15 അംഗ സംഘമാണ് അക്രമം അഴിച്ച് വിട്ടത്. ചിതറിയോടിയ എസ്എഫ്ഐ പ്രവർത്തകരിൽ നിന്നും അഭിമന്യുവിനെ പ്രതികൾ പിന്നിൽ നിന്നും കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
അതേസമയം, അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഡ്വക്കേറ്റ് ജനറലുമായും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനുമായും ചർച്ച നടത്തി. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് യുഎപിഎ ചുമത്തുന്ന കാര്യത്തിൽ ചർച്ചയായെന്നാണ് സൂചന. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് ഹൈക്കോടതിയിലായിരുന്നു കൂടിക്കാഴ്‌ച.