അഭിമന്യു വധം: യുഎപിഎ ചുമത്താനൊരുങ്ങി പൊലീസ് - ഡിജിപി നിയമോപദേശം തേടി
വ്യാഴം, 5 ജൂലൈ 2018 (16:13 IST)
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഡ്വക്കേറ്റ് ജനറലുമായും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനുമായും ചർച്ച നടത്തി.
അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് യുഎപിഎ ചുമത്തുന്ന കാര്യത്തിൽ ചർച്ചയായെന്നാണ് സൂചന. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് ഹൈക്കോടതിയിലായിരുന്നു കൂടിക്കാഴ്‌ച. എന്നാൽ സൗഹൃദ സന്ദർശനം മാത്രമാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി.
അതേസമയം, അഭിമന്യുവിനെ കുത്തിയ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതിയെ ഇനിയും പിടികൂടാനുള്ളതിനാല്‍ കൊലയാളുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ സാധിക്കുമെന്നും. പ്രതികള്‍ കേരളം വിടാതിരിക്കാനുള്ള എല്ലാ പഴുതുകളും അടച്ചിട്ടുണ്ടെന്നും പൊലീ സ് വ്യക്തമാക്കുന്നു.
തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അദ്ധ്യാപകൻ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതികൾക്ക് അഭിമന്യു വധവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എൻഐഎ ആണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുക.