ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അമിത ഇടപെടലുകളെ പറ്റിയുള്ള പരാതികളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പിഴ ചുമത്തുന്നതിനെ മഹാ അപരാധമായി കാണരുതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പോലീസിനെ ഏൽപ്പിച്ച ചുമതലയാണ് അവർ ചെയ്യുന്നത്. പോലീസ് ജനങ്ങളുടെ കണ്ണീരൊപ്പുന്നു. ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് പോലീസ് ചെയ്യുന്നത്. അതിനെ നിസ്സാരവത്‌കരിക്കരുത്. പോലീസിനെതിരെ നടക്കുന്നത് പ്രചാരവേലയാണെന്നും ക്രമസമാധാനം പുലരാൻ ആഗ്രഹിക്കാത്തവരാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം അട്ടപ്പാടി ഷോളയൂരിൽ ആദിവാസികൾക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തെയും മുഖ്യമന്ത്രി ന്യായീകരിച്ചു. അറസ്റ്റ് തടയാൻ ശ്രമിച്ച ഊരു മൂപ്പനും സംഘവും ആളെക്കൂട്ടി സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്നും നിയമവാഴ്‌ച്ച ഉറപ്പാക്കാനാണ് പോലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പോലീസ് രാജാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.