Nipah: പാലക്കാട് സമ്പര്‍ക്കപ്പട്ടികയില്‍ 112 പേര്‍, സംസ്ഥാനത്ത് നിരീക്ഷണം ശക്തം

അഭിറാം മനോഹർ

ചൊവ്വ, 15 ജൂലൈ 2025 (12:28 IST)
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ നിപ കേസുമായി ബന്ധപ്പെട്ട് 112 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റൂട്ട് മാപ്പ് തയ്യാറാക്കി, പ്രദേശത്ത് കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളും  സര്‍വെയലന്‍സും ശക്തമാക്കിയിരിക്കുകയാണ്.
 
ആകെ 609 പേരാണ് വിവിധ ജില്ലകളില്‍നിന്നുള്ള സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ പാലക്കാട് ജില്ലയില്‍ മാത്രം 286 പേര്‍ ഉള്‍പ്പെടുന്നു. നിപ സ്ഥിരീകരിച്ച രണ്ടാമത്തെ രോഗിയുമായി നേരിട്ട് ബന്ധപ്പെട്ട 112 പേരാണ് ഇവിടെ നിരീക്ഷണത്തില്‍. മറ്റ് ജില്ലകളിലെ എണ്ണം ഇങ്ങനെ: മലപ്പുറം - 207 പേര്‍, കോഴിക്കോട് - 114 പേര്‍, എറണാകുളം - 2 പേര്‍.
 
മലപ്പുറത്ത് 8 പേര്‍ ഐസിയുവിലാണ്. ഇതുവരെ ഈ ജില്ലയില്‍ 72 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര്‍ ഐസൊലേഷനിലാണ്. സംസ്ഥാനതലത്തില്‍ 38 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരും 133 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരുമാണ്.
 
നിപ വ്യാപനം ചെറുക്കുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ ആരോഗ്യ വകുപ്പിന്റെ വിവിധ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും, പോലീസ് ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ പങ്കെടുത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍