ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്ന് മടങ്ങവേ സ്വന്തം കാറില്‍ അക്രമത്തിനിരയായ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒരേ മനസുമായി മലയാള സിനിമാലോകം. കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നടന്‍ ലാല്‍ സംഭവ ദിവസം തനിക്ക് രാത്രിയുണ്ടായ അനുഭവം രോഷവും വേദനയും മനസ്സിലടക്കിയാണ് സംസാരിച്ചത്.
അന്ന് രാത്രിയില്‍ പേടിയോടെ അവള്‍ തന്റെ വീട്ടിലേക്കാണ് ഓടിക്കയറിയത്. തുടര്‍ന്ന് തന്റെ നെഞ്ചിലേക്ക് വീണ അവള്‍ അന്ന് ആര്‍ത്തു കരയുകയാണ് ചെയ്തത്. ആ രംഗം കണ്ടപ്പോള്‍ ലോകത്തെ എല്ലാ സ്ത്രീകളും ഒരുമിച്ചു കരഞ്ഞാല്‍ പോലും അത്രയും ശബ്ദമുണ്ടാവില്ലെന്നാണ് തനിക്ക് തോന്നിയത്. ഇതിനുമുമ്പ് ഒരിക്കലും ഇങ്ങനെയുള്ള ഒരവസ്ഥ അനുഭവിച്ചിട്ടില്ലെന്നും ലാല്‍ പറഞ്ഞു.
നിമിഷങ്ങള്‍ക്കകം തന്നെ താന്‍ ഡിജിപിയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ വീട്ടിലെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ പ്രതിശ്രുത വരന്റെ പിന്തുണ നടി തേടി. സംഭവത്തില്‍ നിയമപോരാട്ടത്തിനൊരുങ്ങിയ പെണ്‍കുട്ടി ചില ചാനലുകള്‍ നടത്തിയ മാധ്യമവിചാരണയില്‍ മനസ്സ് മടുത്തു നിയമപോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ ഒരുങ്ങിയിരുന്നുവെന്നും ലാല്‍ പറഞ്ഞു.