നടിയോടൊപ്പം ഒരേമനസുമായി സിനിമാലോകം; സ്ത്രീയെ കീഴ്‌പ്പെടുത്തുന്നതല്ല, മറിച്ച് അവളെ സംരക്ഷിക്കുന്നതാണ് പൗരുഷമെന്ന് മമ്മൂട്ടി

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (07:55 IST)
അക്രമത്തിനിരയായ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒരേ മനസുമായി മലയാള സിനിമാലോകം. കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ താരങ്ങളുടെ സംഘടനയായ അമ്മ, ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, മാക്ട എന്നിങ്ങനെയുള്ള എല്ലാ സംഘടനകളും പങ്കെടുത്തു.
 
അക്രമിക്കപ്പെട്ട സംഭവം ഒളിച്ചുവെക്കാതെ ബന്ധപ്പെട്ടവരെ അറിയിച്ച സഹപ്രവര്‍ത്തക പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് നടന്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടു. സ്ത്രീയെ കീഴ്‌പ്പെടുത്തുന്നതിലല്ല, മറിച്ച് അവളെ സംരക്ഷിക്കുന്നതിലാണ് പൗരുഷം എന്നും അദ്ദേഹം പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് പിന്നില്‍ വന്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു.
 
സ്ത്രീകളെ ആക്രമിക്കുന്നവനെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന് അടിച്ച് കൊല്ലണം, എന്നാലെ നീതി ഉണ്ടാകൂയെന്ന് നടന്‍ ജയറാം പറഞ്ഞു. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും കേരളത്തില്‍ നടക്കില്ലെന്ന മലയാളിയുടെ ധാര്‍ഷ്ട്യത്തിന് കിട്ടിയ പ്രഹരമാണ് ഈ സംഭവമെന്നാണ് കമല്‍ പറഞ്ഞത്. ഇത് നമുക്കെല്ലാവര്‍ക്കുമുള്ള അപായസൂചനയാണെന്നും കമല്‍ പറഞ്ഞു. 
Next Article