കാഴ്ചയുടെ വസന്തത്തിന് ഇന്ന് തുടക്കം

Webdunia
വെള്ളി, 12 ഡിസം‌ബര്‍ 2014 (08:48 IST)
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമിടും. ചിന്തകളുടെയും കാഴ്ചകളുടെയും വസന്തത്തിന്റെ ഒരാഴ്ചക്കാലം ഇനി മലയാളി മനസിനെ ഇരുത്തി ചിന്തിപ്പിക്കും. ജ്വലിക്കുന്ന ചിന്തകളും തീഷ്ണമായ കാഴ്ചകളും അടങ്ങുന്ന ദേശീയ, വിദേശ സിനിമകളാണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്ന ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബലൂച്ചിയോ ചടങ്ങില്‍ വിശിഷ്ടാതിഥിയാണ്.

മേളയില്‍ 140 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.  100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തുര്‍ക്കി സിനിമയാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍. അതുല്യ ചലച്ചിത്ര പ്രതിഭകളുടെ മികവ് പ്രകടമായ ചിത്രങ്ങള്‍ കണ്ടംപററി മാസ്റ്റേഴ്‌സ് വിഭാഗത്തിലുണ്ട്. ലോകസനിമാ വിഭാഗം, ഇന്ത്യന്‍ സിനിമാ വിഭാഗം, മലയാള സിനിമ ഇന്ന്, ചൈനീസ് - ഫ്രഞ്ച് കാഴ്ചകളുമായി പ്രത്യേക വിഭാഗം, ജൂറി ചിത്രങ്ങള്‍, മത്സരവിഭാഗം എന്നീ ഇനങ്ങളിലാണ് പ്രദര്‍ശനം.

മേളയിലെ ഉദ്ഘാടന ചിത്രമായ 'ഡാന്‍സിങ് അറബ്‌സ്' ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം നിശാഗന്ധിയിലെ ഓപ്പണ്‍തിയേറ്ററിലും കൈരളി തിയേറ്റര്‍ കോംപ്ലൂക്‌സിലും ഒരേ സമയം പ്രദര്‍ശിപ്പിക്കും. മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ഓപ്പണ്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സമയത്തുതന്നെ കൈരളിയിലെ തിയേറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ചലച്ചിത്രമേളയുടെ ഉദ്ഘാടനം വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനാകും. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ , മന്ത്രി വി.എസ്. ശിവകുമാര്‍, എം.എല്‍.എ.മാരയ കെ.മുരളീധരന്‍, എം.എ. ബേബി, മേയര്‍ കെ. ചന്ദ്രിക, ചലച്ചിത്ര-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ മേളയുടെ സിഗ്നേച്ചര്‍ ഫിലിമിന്റെ ആദ്യപ്രദര്‍ശനവും നടക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.