Fever Cases in Kerala: സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയാകുന്നത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ കേരളത്തില്‍ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 34,137 ആണ്. 164 പേര്‍ക്ക് ഡെങ്കിപ്പനിയും 35 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഒരാള്‍ എലിപ്പനി ബാധിച്ച് മരിച്ചു. 344 പേര്‍ക്കാണ് ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചത്. എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്. ആറ് പേര്‍ക്ക് ചെള്ള് പനി സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് H3N2 വൈറസിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനും ജില്ലകളില്‍ ഇന്‍ഫ്ളുവന്‍സ എച്ച് 3 എന്‍ 2 സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പാണ് അറിയിച്ചത്. എന്നാല്‍ ഏതൊക്കെ ജില്ലകളിലാണെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വൈറസ് സാന്നിധ്യം നിലവിലെ സാഹചര്യത്തില്‍ വ്യാപകമല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
എച്ച് 1 എന്‍ 1 പോലെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് ഒസള്‍ട്ടാമിവിര്‍ പോലെയുള്ള മരുന്ന് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരില്‍ നിന്നുള്ള സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. സാമ്പിളുകളില്‍ നടത്തിയ തുടര്‍ പരിശോധനയിലാണ് എച്ച് 3 എന്‍ 2 സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.
പനി ബാധിതര്‍ ജാഗ്രത പാലിക്കണമെന്നും സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പനി ലക്ഷണങ്ങള്‍ കാണിച്ചാല്‍ വൈദ്യസഹായം തേടണം. പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണം. ഹോസ്റ്റലുകള്‍, ആളുകള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പെട്ടെന്ന് രോഗം പകരുന്നത്. കുടിവെള്ളം കൃത്യമായി മൂടിവെയ്ക്കണം. മുറിക്കുള്ളില്‍ സൂക്ഷിച്ചിട്ടുള്ള ചെടിപ്പാത്രങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. കൊതുകിന് വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണം.