ഒരു നാട് മുഴുവന്‍ ഭീതിയുടെ നിഴലിലാണ്. പത്തനംതിട്ട കോന്നി താലൂക്കില്‍ തണ്ണിത്തോട് എന്ന പ്രദേശത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത് രക്‍തദാഹിയായ ഒരു കടുവയാണ്. കടുവയുടെ ആക്രമണത്തില്‍ ഒരു പാവം മനുഷ്യന്‍ കൊല്ലപ്പെട്ടതോടെയാണ് തണ്ണിത്തോട്ടിലെ ജനങ്ങള്‍ ഭയത്തിന്‍റെ പിടിയിലമര്‍ന്നത്.
തണ്ണിത്തോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ലോക്‍ഡൌണ്‍ മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന ജനങ്ങള്‍ കടുവ ഭീഷണി കൂടി ആയതോടെ അക്ഷരാര്‍ത്ഥത്തില്‍ ട്രിപ്പിള്‍ ലോക്‍ഡൌണിലായി. വീടിന്‍റെ മുറ്റത്തേക്കുപോലും ഇറങ്ങാനാവാത്ത സ്ഥിതി.
തണ്ണിത്തോട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അഞ്ചുകുഴി, രണ്ടാം വാര്‍ഡ് പഞ്ചായത്തുപടി എന്നിവിടങ്ങളിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. കടുവയെ പിടികൂടാനായി ഇരയെ ഉള്‍പ്പെടുത്തിയ നാലുകൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കടുവയെ വെടിവയ്ക്കാനുള്ള വിദഗ്ധരും സജീവമാണ്. ഡ്രോണിന്‍റെ സഹായത്തോടെ കടുവയുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. പൊലീസുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നൊരു സംഘം കടുവയെ പിടികൂടാനായി അക്ഷീണ പ്രയത്‌നത്തിലാണ്. ആനയെ ഉള്‍പ്പടെ സംഘത്തിന്‍റെ ഭാഗമാക്കിക്കൊണ്ടാണ് നിരീക്ഷണം പുരോഗമിക്കുന്നത്.
കെ യു ജനീഷ്‌കുമാര്‍ എം എല്‍ എയുടെയും കളക്‍ടര്‍ പി ബി നൂഹിന്‍റെയും സജീവ ഇടപെടല്‍ വിഷയത്തിലുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് കടുവയെ കുടുക്കാനുള്ള നീക്കം നടക്കുന്നത്. വനംമന്ത്രിയും രാജു ഏബ്രഹാം എം എല്‍ എയും കഴിഞ്ജ ദിവസം പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു.
ജനങ്ങള്‍ക്കായുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ അനൗണ്‍സ്‌മെന്റ് നടത്തി ബോധവത്കരിക്കുന്നുണ്ട്. സായുധരായ പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംയുക്തമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, തണ്ണിത്തോടിന് സമീപം മണിയാര്‍ ഫാക്‍ടറിപ്പടിയില്‍ പശുക്കിടാവിന് നേര ഇന്നലെ കടുവയുടെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ചോരക്കൊതിയനായ ഒരു കടുവ ജനങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് തണ്ണിത്തോട്ടില്‍ സമ്മാനിച്ചിരിക്കുന്നത്.