ചടയമംഗലം: വിവിധ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം കള്ളനോട്ടു നൽകി പറ്റിക്കുന്ന ആളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം ആനക്കുഴി പുത്തൻവീട്ടിൽ അബ്ദുൽ റഷീദ് എന്ന 58 കാരനാണ് പിടിയിലായത്.
ആയൂരിൽ ഒരു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുകയും 500 രൂപയുടെ ഒരു നോട്ട് നൽകുകയും ചെയ്തു. എന്നാൽ സംശയം തോന്നിയ കടയുടമ പോലീസിൽ വിവരം അറിയിച്ചു. എന്നാൽ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം വാഹനത്തിൽ കടന്നുകളഞ്ഞ ആളെ പോലീസ് പിന്തുണക്കുകയും എം.സി. റോഡിൽ നിലമേൽ മുരുക്കുമണ്ണിൽ വച്ച് പിടികൂടുകയും ചെയ്തു.
ഇയാളിൽ നിന്ന് പതിനൊന്നു അഞ്ഞൂറുരൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. അന്തർ സംസ്ഥാന കള്ളനോട്ടു സംഘത്തിലെ കണ്ണിയാണ് ഇയാൾ എന്നാണു പോലീസ് നൽകിയ വിവരം. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ കള്ളനോട്ടുകൾ കൊണ്ടുവരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ കൊല്ലം, ചെങ്ങന്നൂർ, തൃപ്പൂണിത്തുറ, പൊള്ളാച്ചി എന്നീ സ്റ്റേഷനുകളിലും സമാനമായ കേസുകൾ ഉണ്ട്. ഇയാളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.