ലോക്ക്ഡൗണ്‍ ആയതിനാല്‍ കഴിഞ്ഞ 20 ദിവസത്തിലേറെയായി സംസ്ഥാനത്ത് ബാറുകളും മദ്യവില്‍പ്പന ശാലകളും അടഞ്ഞുകിടക്കുകയാണ്. മദ്യം ലഭിക്കാത്ത സാഹചര്യമുള്ളതിനാല്‍ സംസ്ഥാനത്ത് പലയിടത്തും കള്ളവാറ്റ് സജീവമാണ്. കള്ളവാറ്റ് പിടിച്ചെടുക്കുന്ന തിരക്കിലാണ് പൊലീസ്. ആലംകോട് കൈതവനയില്‍ ഒരു വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 500 ലിറ്റര്‍ കോടയാണ്. ക്വാറന്റൈനില്‍ ഇരിക്കുന്ന ആളാണ് വീട്ടിലെ ശുചിമുറിയില്‍ വാറ്റിയത്. സ്ഥലത്തെത്തിയ ആറ്റിങ്ങല്‍ എക്‌സൈസ് സംഘം 500 ലിറ്റര്‍ കോട പിടികൂടി നശിപ്പിച്ചു. ഒന്നര ലിറ്റര്‍ ചാരായം, പട്ട, വാറ്റുപകരണങ്ങള്‍ എന്നിവയും പിടികൂടി. പ്രതിയായ ജയകുമാര്‍ (41 വയസ്) സ്ഥലത്തുണ്ടായിരുന്നെങ്കിലും പൊലീസിന് പിടികൂടാന്‍ സാധിച്ചില്ല. പൊലീസ് അടുത്തെത്തിയപ്പോള്‍ താന്‍ ക്വാറന്റൈനില്‍ ഇരിക്കുകയാണെന്ന് പ്രതി പറഞ്ഞു. ഇത് കേട്ടതും പൊലീസ് തിരിച്ചുപോയി.
സംഭവത്തില്‍ ആറ്റിങ്ങല്‍ എക്‌സൈസ് കേസെടുത്തു. ക്വാറന്റൈന്‍ കഴിഞ്ഞാല്‍ ജയകുമാറിനെ അറസ്റ്റ് ചെയ്യുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീടിനോട് ചേര്‍ന്ന ഉപയോഗ ശൂന്യമായ ശുചിമുറിയിലാണ് ചാരായം വാറ്റിയിരുന്നത്. ജയകുമാര്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിരവധി പേരാണ് ചാരായം വാങ്ങാന്‍ വന്നു പോയിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് എക്‌സൈസ് സംഘം വീട്ടില്‍ പരിശോധന നടത്തിയത്.