മുക്കുപണ്ടം: 3 പേര്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (20:08 IST)
മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ മൂന്നുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. വരിക്കാംകുന്ന് പുളിംപുള്ളില്‍ ഷംസുദ്ദീന്റെ മക്കളായ ഷാമോന്‍ എന്നറിയപ്പെടുന്ന ഷാന്‍ പി.എസ് (31), ഷാജ് പി.എസ് (28), കുലശേഖരമംഗലം വെള്ളാട്ടുതറയില്‍ സെയ്ദ് മുഹമ്മദ് മകന്‍ ഷാജി വി.എസ് (47) എന്നിവരാണ് അറസ്റ്റിലായത്. 
 
കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഒളിസങ്കേതത്തില്‍ ഒരേസമയം നടത്തിയ റെയ്ഡിലാണ് പ്രതികള്‍ അറസ്റ്റിലായത്. രണ്ട് സ്ഥാപനങ്ങളില്‍നിന്നുമായി 23938.590 ഗ്രാമിലേറെ മുക്കുപണ്ടം പണയംവെച്ച് 5.10 കോടി രൂപ തട്ടിയ പ്രതികള്‍ പിതാവായ ഷംസുദ്ദീന്‍ പിടിയിലായതിനെത്തുടര്‍ന്ന് മുങ്ങിയിരുന്നു. കീച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക്, അരയന്‍കാവ്, യോഗക്ഷേമം ലോണ്‍സ് ലിമിറ്റഡ് എന്നിവിടങ്ങളിലാണു പണയം വച്ച് പണം തരപ്പെടുത്തിയത്.
 
ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ എറണാകുളത്തെയും തൃശൂരിലെയും മൊത്തക്കച്ചവടക്കാരില്‍നിന്നും വാങ്ങി കീച്ചേരി സര്‍വീസ് സഹകരണ ബാങ്ക്, അരയന്‍കാവ് യോഗക്ഷേമം ലോണ്‍സ് ലിമിറ്റഡ് എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടി പണയംവെച്ചു. 23938.590 ഗ്രാമോളം മുക്കുപണ്ടം പലഘട്ടങ്ങളിലായി പണയംവെച്ചാണ് ബാങ്കില്‍നിന്നും 5.10 കോടി രൂപ കബളിപ്പിച്ച് നേടിയത്. പണയപ്പെടുത്തിയ ആഭരണങ്ങള്‍ ക്ലാവ് പിടിച്ചതാണു തട്ടിപ്പ് വെളിയിലാകാന്‍ കാരണമായത്.