ബാങ്ക് എ.ടി.എമ്മില്‍ നിന്നെടുത്ത നോട്ടുകളില്‍ കള്ളനോട്ടുകള്‍ കണ്ടെത്തി. നാഗര്‍കോവിലിലെ പി.ഡബ്ല്യു.ഡി ടൂറിസ്റ്റ് ബംഗ്ലാവിനു എതിര് വശത്തുള്ള എ.ടി.എം കൌണ്ടറില്‍ നിന്നാണു ആയിരത്തിന്റെ 15 കള്ളനോട്ടുകള്‍ കണ്ടെത്തിയത്. നാഗര്‍കോവില്‍ പാര്‍വതീപുരം സ്വദേശി ഗണേശനാണു 16000 രൂപ എ.റ്റി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ 15000 രൂപയുടെ കള്ളനോട്ടുകള്‍ ലഭിച്ചത്. ഇതിനൊപ്പം ലഭിച്ച 500 ന്റെ ഒന്നും 100 ന്റെ അഞ്ചും നോട്ടുകള്‍ ഒറിജിനല്‍ തന്നെ.
ലഭിച്ച നോട്ടുകളില്‍ സംശയം തോന്നിയ ഉടന്‍ ഗണേശന് അടുത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നോട്ടെണ്ണം യന്ത്രത്തില്‍ പരിശോധിപ്പിച്ചപ്പോള്‍ ഇത് കള്ളനോട്ടുകളാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഗണേശന് ബാങ്ക് അധികൃതര്‍ക്കും നേശമണി പൊലീസിലും ഇതുമായി ബന്ധപ്പെട്ട പരാതി നല്കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.