ഒന്നു കാണണം, അല്പനേരം അടുത്തിരിക്കണം, എന്നൊക്കെയുള്ള ആഗ്രഹങ്ങൾക്ക് ഒരു ജീവന്റെ വിലയുണ്ട്; ആത്മഹത്യ ചെയ്ത സുഹൃത്തിനെ ഓര്‍ത്ത് ഒരു മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

Webdunia
ബുധന്‍, 22 മാര്‍ച്ച് 2017 (09:37 IST)
കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേൽ ഷാജിയെ ആരും മറന്ന് കാണില്ല. അത്രമേൽ കോളിളക്കം സൃഷ്ടിച്ചിരുന്നു അവളുടെ മരണം. ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തിൽ പലർക്കും രണ്ടഭിപ്രായം ആയിരുന്നു. മിഷേൽ മരിച്ച സംഭവം പുറംലോകം അറിഞ്ഞപ്പോൾ, തനിയ്ക്ക് നഷ്ടപ്പെട്ട ഒരു സുഹൃത്തിനെ ഓർത്ത് ആകുലതപ്പെടുകയാണ് മലയാള മനോരമയിലെ മാധ്യമപ്രവർത്തകനായ സാജൻ സി മാത്യു. ഷാജന്റെ ഫേസ്ബുക്കിൽ കുറിച്ച എഴുത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
 
ഷാജൻ സി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
എനിക്ക് ഒരു അടുത്ത കൂട്ടുകാരി ഉണ്ടായിരുന്നു. അവൾ എറണാകുളം ലോ കോളജിലാണു പഠിച്ചിരുന്നത്. വളരെ അകലെയുള്ള കോളജുകളിൽ പഠിക്കുകയും ദേശങ്ങളിൽ ജീവിക്കുകയും ചെയ്തിട്ടും ചില ക്യാംപുകളിലൂടെയും ചർച്ചാവേദികളിലൂടെയും ഞങ്ങൾ നല്ല കൂട്ടുകാരായി. അന്നു ടെലിഫോൺ സാർവത്രികമല്ലാത്തതിനാൽ കത്തുകളിലൂടെയായിരുന്നു ആശയവിനിമയം. അവളോളം സത്യസന്ധയായ, കാപട്യം തീണ്ടിയിട്ടില്ലാത്ത ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടേയില്ല.
 
നാട്ടിലെ പഠനം കഴിഞ്ഞ് ഉപരിപഠനത്തിനു ചെന്നൈയിലേക്കു പോവുകയും പിന്നീട് പത്രപ്രവർത്തനത്തിനു ഡൽഹിയിലേക്കു തിരിക്കുകയും ചെയ്തതോടെ അവളുമായുള്ള ആശയവിനിമയം തീരെ ഇല്ലാതായി. വർഷങ്ങളായി അവളെപ്പറ്റി ഒരു വിവരവും ഇല്ലാതിരിക്കെ ഒരുരാത്രി ഡൽഹിയിൽ വച്ച് അവളുടെ ഓർമ പെട്ടെന്നു മനസ്സിലേക്കു കടന്നുവന്നു. രാത്രി ഉറങ്ങാനേ പറ്റിയില്ല. കണ്ണടയ്ക്കാൻ ശ്രമിക്കുമ്പോഴൊക്കെ ഞങ്ങളുടെ പഴയ സായാഹ്നയാത്രകളും അവളുടെ മനോഹരമായ കത്തുകളും എന്റെ ഭീരുത്വങ്ങളെ അവൾ ചോദ്യം ചെയ്തിരുന്ന സന്ദർഭങ്ങളുമൊക്കെ മനസ്സിലേക്ക് വല്ലാത്ത വ്യക്തതയോടെ കയറിനിന്നു. 
 
എന്താണ് വർഷങ്ങൾക്കുശേഷം അവളെപ്പറ്റി ഇങ്ങനെയൊരു ചിന്ത എന്ന് ആശങ്കപ്പെട്ടു രാവിലെതന്നെ നാട്ടിലെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ടെലിഫോൺ ഡയറക്ടറിയിൽനിന്ന് അവളുടെ വീട്ടിലെ ഫോൺ നമ്പർ സംഘടിപ്പിച്ചു വിളിച്ചു. മറുതലയ്ക്കൽ അവളുടെ അമ്മയായിരുന്നു. കോളജ് കാലത്ത് രണ്ടുതവണ അവളുടെ വീട്ടിൽ പോയിരുന്നതുകൊണ്ട് അമ്മ എന്നെ തിരിച്ചറിഞ്ഞു. പിന്നീട് ഒരു നിലവിളിയായിരുന്നു. ‘അവൾ കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചു.’ എന്നാണ് ആ അമ്മയ്ക്ക് എന്നോടു പറയാനുണ്ടായിരുന്ന വിശേഷം. 
 
പത്തു വർഷം മുൻപ് ആ നിമിഷം എന്റെ നെഞ്ചിലൂടെ കടന്നുപോയ വെള്ളിടി മാതിരിയൊന്ന് ഇതെഴുതുമ്പോൾ ഈ നിമിഷവും അനുഭവിക്കുന്നുണ്ട്. കുറേ നേരത്തെ കരച്ചിലിനും എന്റെ നടുക്കം തെല്ല് അയഞ്ഞതിനുംശേഷം അമ്മ എന്നോട് അവളുടെ ജീവിതത്തിലുണ്ടായ വിശേഷങ്ങൾ ചുരുക്കി പറഞ്ഞു. അവൾ വിവാഹതയായി എന്നുപോലും ഞാൻ അറിയുന്നത് അപ്പോഴാണ്. ഒരു പെൺകുഞ്ഞും ഉണ്ട്. ഭർത്താവ് വിദേശത്തായിരുന്നു. അവളും കുഞ്ഞും അടുത്ത പ്രദേശത്തുതന്നെയുള്ള ഭർത്താവിന്റെ വീട്ടിലായിരുന്നു. 
 
‘മരിക്കുന്നതിന്റെ തലേന്ന് എന്റെ കുഞ്ഞ് എന്നെ വിളിച്ച് ചില വിഷമങ്ങളുണ്ടെന്നും അമ്മ വൈകുന്നേരം ഇവിടം വരെ ഒന്നു വരണമെന്നും പറഞ്ഞിരുന്നു മോനേ... പക്ഷേ, ഞാൻ പോയില്ല. ഞാൻ പോയിരുന്നെങ്കിൽ എന്റെ മോള് ഈ കടുംകൈ ചെയ്യില്ലായിരുന്നു....’ പിന്നൈ ഞാൻ ഒന്നും കേട്ടില്ല.
 
ഈ സംഭവത്തിന്റെ ആഘാതത്തിൽനിന്ന് പൂർണമായി ഞാൻ ഇന്നുവരെ മോചിതനായിട്ടില്ല. അവളുടെ മരണത്തിന് ഞാനും കാരണക്കാരനല്ലേ എന്ന് എനിക്ക് ഇടയ്ക്കു തോന്നാറുണ്ട്. അവൾ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കുന്ന പ്രകൃതക്കാരിയായിരുന്നു . അവൾ എവിടെ എന്ന് അന്വേഷിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും നൊമ്പരങ്ങളിൽ പിന്തുണയാകാനുമുള്ള കടമ എനിക്കുണ്ടായിരുന്നു. എന്നോട് എല്ലാം അവൾ തുറന്നുപറയുകയും ചെയ്യുമായിരുന്നു. ‘മിടുക്ക’നാകാനുള്ള പരക്കംപാച്ചിലുകൾക്കിടയിൽ അവൾ എവിടെയെന്നു വർഷങ്ങളായി അന്വേഷിക്കുകപോലും ചെയ്യാതിരുന്ന എനിക്കും ആ മരണത്തിൽ പങ്കുണ്ട്.
 
ഇന്ന് ഇതെല്ലാം ഓർത്തത്, കഴിഞ്ഞ ദിവസം കൊച്ചിയിൽ മരിച്ച മിഷേൽ ഷാജിയുടെ മരണത്തിന്റെ തലേന്നു നടന്ന കാര്യങ്ങൾ പത്രത്തിൽ വായിച്ചപ്പോഴാണ്. മരിക്കുന്നതിനു തലേന്ന് രാവിലെ ആ കുട്ടി മാതാപിതാക്കളെ വിളിച്ചു കാണണമെന്നു പറഞ്ഞു. അവർക്ക് ഏതോ ചടങ്ങിനു പോകാനുള്ളതിനാൽ കാണാൻ പോകാൻ പറ്റിയില്ല. വൈകുന്നേരം കുട്ടി വീണ്ടും വിളിച്ച് പപ്പയെയും മമ്മിയെയും കാണണമെന്നു പറഞ്ഞു. പിറ്റേന്ന് പരീക്ഷ ആയതിനാൽ സംസാരിച്ച് അവളുടെ സമയം കളയേണ്ട എന്നു കരുതി അവർ പോയില്ല. 
 
ഞാൻ ആ മാതാപിതാക്കാളെ ഒട്ടും കുറ്റപ്പെടുത്തുന്നില്ല. മകളുടെ നല്ല ഭാവി മാത്രമേ അവർ ആഗ്രഹിച്ചിട്ടുള്ളൂ. പക്ഷേ, എനിക്ക് ഉറപ്പുണ്ട് ഏതാനും കിലോമീറ്റർ അകലെയുള്ള അവളുടെ താമസസ്ഥലം വരെ അവർ ആ സന്ധ്യക്കു പോയിരുന്നെങ്കിൽ നമുക്കാർക്കും ഇത്രമേൽ ഭാരപ്പെടേണ്ടി വരില്ലായിരുന്നു. പപ്പയുടേയോ മമ്മിയുടേയോ ചുമലിൽ വീണ് ഒന്നു കരഞ്ഞു തെളിഞ്ഞ് അവൾ ജീവിതത്തെ കൂടുതൽ പ്രസരിപ്പോടെ സ്വീകരിച്ചേനേ.
 
ഈ വാർത്ത വായിച്ചപ്പോൾ, ആത്മഹത്യയുടെ തലേന്ന് അമ്മയെ കാണാൻ ആഗ്രഹിച്ച എന്റെ കൂട്ടുകാരിയെ ഞാൻ പെട്ടന്ന് ഓർമിച്ചുപോയി. നമ്മുടെ കുഞ്ഞുങ്ങളും പ്രിയപ്പെട്ടവരുമൊക്കെ പറയുന്ന ‘ഒന്നു കാണണം, അല്പനേരം അടുത്തിരിക്കണം, ഇത്തിരി സംസാരിക്കണം’ എന്നൊക്കെയുള്ള ആഗ്രഹങ്ങൾ കേവലം വാക്കുകളല്ല, അതിന് ഒരു ജീവന്റെ വിലയുണ്ടെന്നു ജീവിതം വീണ്ടും കണ്ണീരോടെ, നടുക്കത്തോടെ ഓർമിപ്പിക്കുന്നു. എന്റെയും നിങ്ങളുടെയുമൊക്കെ ഓട്ടം എങ്ങോട്ടാണ്....?
Next Article