വായ്‌പ കുടിശിക പിരിച്ചെടുക്കാന്‍ റിലയന്‍സിനെ ഏല്പിച്ച നടപടിക്കെതിരെ സുധീരന്‍

Webdunia
വെള്ളി, 7 ഓഗസ്റ്റ് 2015 (15:26 IST)
വിദ്യാഭ്യാസവായ്പ ഉള്‍പ്പെടെയുള്ളവയുടെ കുടിശിക പിരിച്ചെടുക്കാന്‍ റിലയന്‍സിനെ ഏല്‍പിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നടപടിക്കെതിരെ വി എം സുധീരന്‍. ഫേസ്ബുക്കിലാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. നടപടി ഉടന്‍ തന്നെ റദ്ദു ചെയ്യണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
 
സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
 
“വിദ്യാഭ്യാസവായ്പ ഉള്‍പ്പെടെയുള്ളവയുടെ കുടിശിക പിരിച്ചെടുക്കാന്‍ റിലയന്‍സിനെ ഏല്‍പിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നടപടി ഉടനടി റദ്ദ് ചെയ്യണം.
 
ബാങ്കിന്റെ മൊത്തം കിട്ടാക്കടത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമായ 128.37 കോടിയുടെ വിദ്യാഭ്യാസവായ്പ പിരിച്ചെടുക്കാന്‍ റിലയന്‍സിന് പുറം കരാര്‍ നല്‍കിയത് 61.94 കോടി രൂപയ്ക്കാണെന്നാണ് അറിയുന്നത്.
 
ദേശസാല്‍കൃത ബാങ്കുകള്‍ക്ക് കിട്ടാക്കടം പിരിച്ചെടുക്കാന്‍ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കേ ഇത്തരത്തില്‍ സ്വകാര്യലോബിയെ ഏല്‍പിച്ച നടപടി ഏറെ ദുരൂഹമാണ്. കോര്‍പ്പറേറ്റുകളുടെ കോടികളുടെ കിട്ടാക്കടം നിഷ്പ്രയാസം എഴുതിത്തള്ളുന്ന ബാങ്കുകള്‍ സാധാരണക്കാരനോട് കാണിക്കുന്നത് ക്രൂരത തന്നെയാണ്.
 
സര്‍ക്കാരിന് ലക്ഷം കോടികളുടെ കിട്ടാക്കടം വരുത്തിയവരുടെ നിയന്ത്രണത്തിലുള്ള അസറ്റ് റിക്കവറി കമ്പനികളെത്തന്നെ പാവപ്പെട്ടവന്റെ കിട്ടാക്കടം പിരിക്കാന്‍ ഏല്‍പിച്ചത് നീതീകരിക്കാനാവില്ല. സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ സ്വകാര്യകുത്തകകളുടെ നീരാളിപ്പിടുത്തത്തിലേക്ക് എറിഞ്ഞുകൊടുക്കുന്ന നടപടിയില്‍ നിന്ന് ബാങ്ക് പിന്മാറിയേ മതിയാവൂ. എസ് ബി ടിയുടെ ഈ ജനദ്രോഹനീക്കം പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം.”