കുടിവെള്ളം ഇല്ലെന്ന് വിദ്യാർത്ഥിയുടെ പരാതി; മണിക്കൂറുകൾക്കുള്ളിൽ 5.5 ലക്ഷം രൂപ നൽകി സുരേഷ് ഗോപി

അനു മുരളി
വ്യാഴം, 26 മാര്‍ച്ച് 2020 (11:58 IST)
കുടിവെള്ളമില്ലാതെ വലഞ്ഞ പട്ടികജാതി കോളനി നിവാസികൾക്ക് സഹായ ഹസ്തം നീട്ടി സുരേഷ് ​ഗോപി എം പി. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്നാണ് താരത്തിന്റെ സമയോചിതമായ ഇടപെടൽ. ജല വിതരണ പദ്ധതിയിൽ നഗരസഭ അധികൃതർ പരിഗണിച്ചില്ല എന്ന പരാതി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ആണ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ സുരേഷ് ഗോപി എം പി ഫണ്ട് അനുവദിച്ചത്. 
 
പന്തളം മുടിയൂർക്കോണം പ്ലാപ്പള്ളിൽ വീട്ടിൽ ദശമി സുന്ദർ എന്ന വിദ്യാർഥിനിയുടെ പരാതിയാണ് സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെട്ടത്. ശുദ്ധജല ക്ഷാമം മൂലം ബുദ്ധിമുട്ടിയിരുന്നത് വടക്കേ ചെറുകോണത്ത്, പുതുമന പട്ടികജാതി കോളനി നിവാസികളാണ്. പരാതി കണ്ട സുരേഷ് ഗോപി, ബി ജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, സുശീല സന്തോഷ്, എം. ബി. ബിനുകുമാർ എന്നിവരെ സ്ഥലത്തേക്ക് പറഞ്ഞയക്കുകയും വ്യക്തമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിൽ നടപടി വരികയുമായിരുന്നു.
 
അതേസമയം സുരേഷ് ഗോപി നടനും രാഷ്ട്രീയ പ്രവർത്തകനും ഒക്കെ ആണെങ്കിലും അദ്ദേഹത്തെ കുറിച്ച് അറിയാവുന്നവർക്ക് പറയാൻ നിരവധി നല്ല സംഭവങ്ങൾ ആണ് ഉള്ളത്. അദ്ദേഹത്തിലെ മനുഷ്യ സ്നേഹി യെ തിരിച്ചറിഞ്ഞ അരുൺ കണ്ണൻ എന്ന പ്രേക്ഷകൻ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പാണ് ഇപ്പൊൾ വൈറൽ ആകുന്നത്. അരുണ്‍ എന്ന യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു. 
 
അരുണിന്റെ കുറിപ്പ് വായിക്കാം:
 
കഴിഞ്ഞ ദിവസം സുരേഷ് ഗോപി കോടീശ്വരൻ പരിപാടിയിൽ സഹായം ഒരു കുടുംബത്തിന് ചെയ്യാമെന്നു പറഞ്ഞപ്പോളും, അത് കിട്ടാനൊന്നും പോണില്ല എന്ന തരത്തിലുള്ള കമന്റുകൾ കാണാൻ ഇട വന്നു.. ഈ അവസരത്തിൽ ഞാൻ എന്റെ അനുഭവം വീണ്ടും പങ്കുവയ്ക്കുന്നു..
 
സുരേഷ് ഗോപി ഒരുപാട് സാമൂഹ്യ സേവനങ്ങൾ ചെയ്തു കൊണ്ട് അശരണർക്ക് തണലേകുന്ന നന്മ മരം ആണെന്ന് നാം സാമൂഹ്യ മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും അറിഞ്ഞിട്ടുള്ളതാണ്…പക്ഷേ സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ എല്ലാവരും വിശ്വസിക്കുമോ എന്നറിയില്ല..ഈ സാഹചര്യത്തിൽ എനിക്ക് സത്യമാണെന്നുറപ്പുള്ള, ഒരു അനുഭവത്തെ കുറിച്ചാണ് ഈ കുറിപ്പ്..
 
കുറച്ചു മാസങ്ങൾക്ക് മുൻപ് ഭാഗ്യവശാൽ എന്റെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വച്ചു ഇദ്ദേഹത്തെയും കുടുംബത്തെയും കാണാനും സംസാരിക്കാനും സാധിച്ചു.. ഒരു സിനിമ നടൻ എന്നതിലുപരി ആ കുറച്ചു നേരത്തെ സംഭാഷണം സുരേഷ് ഗോപി എന്ന വ്യക്തിയെ കുറിച്ച് കേട്ടത് കേട്ടറിവിനേക്കാൾ ശരിയാണ് എന്ന് തിരിച്ചറിഞ്ഞു.. വളരെ അച്ചടക്കത്തോടു കൂടിയുള്ള സംസാരം, മനസ്സിൽ ഒരു എംപി എന്ന നിലയിൽ ചെയ്തതും ചെയാനുള്ള പ്രൊജക്ടുകളെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപാട്…അങ്ങനെ… അങ്ങനെ….
 
ദിവസങ്ങൾ കഴിഞ്ഞു.. ഒരു ദിവസം ഓഫിസിലേയ്ക്ക് യാത്ര പോകുമ്പോൾ ഒരു സുഹൃത്തിനു ലിഫ്റ്റ് കൊടുത്തു.. യാത്രാ മധ്യേ അവനോട് സുരേഷ് ഗോപിയെ കണ്ട വിവരവും വിശേഷങ്ങളും പങ്കുവച്ചപ്പോൾ അവൻ പറഞ്ഞു.. എന്റെ ഒരു സുഹൃത്തിനു പണ്ട് സുരേഷ് ഗോപി ഒരു ചികിത്സാ സഹായം ചെയ്യാമെന്ന് പറഞ്ഞു..പിന്നെ പി.എ ആയി ബന്ധപ്പെടുമ്പോൾ കിട്ടുന്നില്ല..അടുത്ത ആഴ്ച ആ കുട്ടിയുടെ ഓപ്പറേഷൻ ഫിക്സ് ചെയ്തേക്കുകയാണ്.
 
ഞാൻ പറഞ്ഞു, ചിലപ്പോൾ പുള്ളി നേരിട്ട് ഈ വിവരം അറിഞ്ഞു കാണില്ല..അപ്പോൾ മനസ്സിൽ ഓർമ വന്നത് എന്തെങ്കിലും സഹായം വേണമെങ്കിൽ എംപിയുടെ മെയിൽ അഡ്രസിലേക്കു നേരിട്ട് അയച്ചോളൂ എന്ന് പറഞ്ഞു അന്ന് ഞങ്ങളോട് വിട പറഞ്ഞതാണ്. ഞാൻ അവനോടു എല്ലാ വിവരങ്ങളും വച്ചു ഒരു മെയിൽ റെഡി ആക്കി ആ അഡ്രസിലേക്കു അയയ്ക്കാൻ പറഞ്ഞു.. അങ്ങനെ അവന്റെ സ്റ്റോപ്പ്‌ എത്തി..പിന്നെ കാണാം എന്ന് പറഞ്ഞു ഞാൻ യാത്ര തുടർന്നു.. ദിവസങ്ങൾക്കുള്ളിൽ അവൻ എന്നെ വിളിച്ചു…അവർക്ക് ആ ചികിത്സാ സഹായം ഒരു ബുദ്ധിമുട്ടും കൂടാതെ ലഭിച്ചു എന്ന് അറിയിക്കാനായിരുന്നു ആ വിളി…
 
താങ്കൾ കാരണം വിജയിച്ച കുറെ കുടുംബങ്ങളുണ്ട് സുരേഷേട്ടാ…അവരുടെയുള്ളിൽ താങ്കൾ എന്നും ഒരു നന്മ മരം തന്നെയാണ്…

അനുബന്ധ വാര്‍ത്തകള്‍

Next Article