സമ്മർ ഇൻ ബത‌്‌ലഹേമും കൊവിഡ് 19ഉം; ഒരു ലോക്‌ഡൗൺ അപാരത, സംഭവം പൊളിച്ചൂട്ടാ...

അനു മുരളി

വ്യാഴം, 26 മാര്‍ച്ച് 2020 (11:31 IST)
ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. വൈറസ് വ്യാപന പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം അടച്ചിട്ടിരിക്കുകയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയാണ് അതാത് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. 21 ദിവസങ്ങളോളം വീടിനകത്ത് ഇരിക്കുമ്പോള്‍ വിരസത അകറ്റാന്‍ പല പല മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് പലരും. 
 
സിനിമ പ്രേമികള്‍ ആകട്ടെ പഴയ സിനിമകള്‍ കണ്ട് വീണ്ടും സായൂജ്യമടയുകയാണ്. അത്തരത്തിൽ വീട്ടിനുള്ളിൽ വെറുതേയിരിക്കവേ പല സിനിമകളും കണ്ട് അതിലെ രഹസ്യങ്ങൾ കണ്ടുപിടിക്കലാണ് ഇത്തരക്കാരുടെ മെയിൻ പരുപാടി. അത്തരത്തിൽ ഒരു സിനിമാഗ്രൂപ്പിൽ ദേവദാസ് എന്ന യുവാവ് പങ്കുവെച്ച കണ്ടെത്തൽ ചർച്ച ചെയ്യപ്പെടുകയാണ്.
 
സമ്മര്‍ ഇന്‍ ബെത്‌ലഹേം എന്ന ചിത്രത്തിലെ പൂച്ചയെ അയച്ചത് ആരാണെന്നുള്ള കണ്ടെത്തലിലാണ് യുവാവ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം കാലാകാലങ്ങളായുള്ള ചോദ്യത്തിന്റെ ഉത്തരം പങ്കു വയ്ക്കുന്നത്.
 
ദേവദാസിന്റെ കുറിപ്പ്:
 
”സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ആ പൂച്ചയെ അയക്കുന്ന കുട്ടിയെ ഓര്‍ക്കുന്നുണ്ടോ? ആരാണെന്ന് പറയാതെ ആ സിനിമ അങ്ങ് തീര്‍ന്നപ്പോ വല്ലാത്ത സങ്കടായി. ഇപ്പൊ വീട്ടില്‍ ഒരു പണിയും ഇല്ലാതെ വെറുതെ ഇരുന്നപ്പോ ഞാന്‍ ആ കുട്ടിയെ ഒന്ന് തപ്പി പിടിക്കാം എന്ന് വച്ച്. എന്റെ ഒരു അനുമാന പ്രകാരം അപര്‍ണ്ണ എന്ന കഥാപാത്രം ആണ് ആ പൂച്ചയെ അയച്ചത്.
 
ഇനി എങ്ങനെ ആണെന്ന് നോക്കാം. റൂമിലേക്ക് പൂവ് എറിയുന്ന ചിത്രത്തിലെ കൈ ശ്രദ്ധിച്ചോ? അതില്‍ ചുവപ്പ് നൈല്‍ പോളിഷ് ആണ് ഉള്ളത്. എന്നാല്‍ എറിഞ്ഞ ആളെ തപ്പി ഇറങ്ങുന്ന സുരേഷ് ഗോപി മഞ്ജുവിനെ ആണ് കാണുന്നത്. എന്നാല്‍ മഞ്ജു നൈല്‍ പോളിഷ് ഇട്ടിരുന്നില്ല. അപ്പൊ എറിഞ്ഞത് മഞ്ജു അല്ല. അന്നേ ദിവസം ഉച്ചയ്ക്ക് ആണ് ആ ക്ലാപ് ചെയ്യുന്ന സീന്‍ ഉള്ളത്. അതില്‍ മൂന്ന് പേരാണ് ചുവപ്പ് നൈല്‍ പോളിഷ് ഇട്ടത്. അപര്‍ണ്ണ, ദേവിക, ഗായത്രി. ദേവിക എല്ലായ്‌പ്പോഴും ഫുള്‍ സ്ലീവ് വസ്ത്രം ആണ് ധരിക്കുന്നത്, അതുകൊണ്ട് ദേവിക അല്ല എന്തായാലും കക്ഷി. പിന്നെ ഉള്ളത് അപര്‍ണ്ണയും,ഗായത്രിയും ആണ്. ഇനി നമുക്ക് ക്ലൈമാക്‌സ് സീനിലേക്ക് പോകാം..അതില്‍ ട്രെയിനില്‍ നിന്നും പൂച്ചയെ പുറത്തേക്ക് കാണിക്കുന്ന കുട്ടിയുടെ കൈകളില്‍ ആഭരണങ്ങള്‍ ഒന്നും കാണുന്നില്ല. എന്നാല് ട്രെയിനില്‍ കേറുന്ന സീനില്‍ ഗായത്രിയുടെ കയ്യില്‍ ഒരു ബ്രേസ്ലെട് കാണാം. അപ്പൊള്‍ ഗായത്രിയും ലിസ്റ്റില്‍ നിന്നും പുറത്തായി. അതുകൊണ്ട് പൂച്ചയെ അയച്ചത് അപര്‍ണ്ണ ആവാന്‍ ആണ് സാധ്യത..
 
വെറുതെ ഇരിക്കുന്ന സമയങ്ങള്‍ ആനന്ദകരം ആക്കൂ.
 
നമ്മള്‍ അതിജീവിക്കും”.
 
ദേവാനന്ദിന്റെ ഈ ‘ലോക്ഡൗണ്‍ കണ്ടെത്തല്‍’ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. ദേവദാസിന്റെ കണ്ടെത്തലിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍