മായാവതിയെ ലൈംഗികത്തൊഴിലാളിയോട് ഉപമിച്ച ദയാശങ്കര്‍ അറസ്റ്റില്‍; അറസ്റ്റ് ചെയ്തത് ബിഹാറിലെ ബക്‌സറില്‍ നിന്ന്

Webdunia
വെള്ളി, 29 ജൂലൈ 2016 (17:45 IST)
ബി എസ് പി അധ്യക്ഷ മായാവതിയെ ലൈംഗികത്തൊഴിലാളിയോട് ഉപമിച്ച സംഭവത്തില്‍ എം പി ദയാശങ്കര്‍ സിംഗിനെ അറസ്റ്റ് ചെയ്തു. ബിഹാറിലെ ബക്‌സറില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. മായാവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ദയാശങ്കറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യം ഉന്നയിച്ച് ലക്‌നൌവിലും ഡല്‍ഹിയിലും വന്‍ പ്രതിഷേധം നടക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ദയാശങ്കര്‍ ഒളിവില്‍ ആയിരുന്നു.
 
ഇതിനിടെ ദയാശങ്കറിനെതിരെ ഹസ്രത്‌ഗഞ്ച് പൊലീസ് കേസെടുത്തിരുന്നു. ദളിത് അവഹേളനം, സ്ത്രീകളെ അപമാനിക്കല്‍, സാമുദായിക ധ്രുവീകരണം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ആയിരുന്നു പൊലീസ് കേസെടുത്തത്. ദയാശങ്കര്‍ എത്താനിടയുള്ള സ്ഥലങ്ങളിലെല്ലാം കഴിഞ്ഞദിവസങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
 
ഉത്തര്‍പ്രദേശില്‍  ബി ജെ പിയുടെ പുതിയ ഉപാധ്യക്ഷനായി നിയമിതനായ ദയാശങ്കറിന് സ്വീകരണപരിപാടി ഒരുക്കിയിരുന്നു. ഈ പരിപാടിയില്‍ വെച്ചായിരുന്നു വിവാദമായ പ്രസ്താവന നടത്തിയത്. മായാവതി ടിക്കറ്റ് വില്‍ക്കുകയാണെന്നും കോടികളുമായി ചെന്നാല്‍ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുകയാണ് അവര്‍ ചെയ്യുന്നതെന്നും മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാള്‍ അധ:പതിച്ചിരിക്കുന്നു എന്നുമായിരുന്നു ദയാശങ്കറിന്റെ പ്രസ്താവന.
Next Article