ജനുവരി 30 മുതൽ ഫെബ്രുവരി 10 വരെ കേരളത്തില്‍ ട്രെയിൻ ഗതാഗത നിയന്ത്രണം

Webdunia
വെള്ളി, 29 ജനുവരി 2016 (10:37 IST)
എറണാകുളം ജംഗ്ഷനിലെ സിഗ്നല്‍ നവീകരണം, ട്രാക്ക് നവീകരണം എന്നിവയുടെ ഭാഗമായി ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ നാളെ മുതല്‍ ഫെബ്രുവരി പത്ത് വരെ കോട്ടയം വഴി തിരിച്ചുവിടുന്നു.

തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി പോകുന്ന തിങ്കള്‍, ശനി ദിവസങ്ങളിലെ കൊച്ചുവേളി - ചണ്ഡിഗഡ് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ്, ബുധനാഴ്ചകളിലുള്ള കൊച്ചുവേളി - അമൃത്സര്‍ എക്സ്പ്രസ്, ശനിയാഴ്ചകളില്‍ എറണാകുളത്തെത്തുന്ന പോര്‍ബന്ദര്‍ - കൊച്ചുവേളി എക്സ്പ്രസ്, ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്തെത്തുന്ന ഗോരഖ്പൂര്‍ - തിരുവനന്തപുരം രപ്തിസാഗര്‍ എക്സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിടും.

ഇതിനൊപ്പം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ എറണാകുളത്തെത്തുന്ന ഹാപ്പ - തിരുനെല്‍വേലി എക്സ്പ്രസ്, ചൊവ്വാഴ്ചകളില്‍ എറണാകുളത്തെത്തുന്ന അമൃത്സര്‍ - കൊച്ചുവേളി എക്സ്പ്രസ്, ഇന്‍ഡോര്‍ - തിരുവനന്തപുരം അഹല്യാനഗരി എക്സ്പ്രസ്, തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് എന്നിവയും കോട്ടയം വഴി തിരിച്ചുവിടും.

ഇതിനൊപ്പം വേണാട്, ന്യൂഡല്‍ഹി കേരള എക്പ്രസ് എന്നിവ എറണാകുളം ജംഗ്ഷനില്‍ പ്രവേശിക്കില്ല. ഇതു കൂടാതെ മിക്ക ട്രെയിനുകളും വൈകാനും സാദ്ധ്യതയുള്ളതായി റയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ - എറണാകുളം - ആലപ്പുഴ എക്സ്പ്രസ് ട്രെയിനുകള്‍, മഡ്ഗാവ് - എറണാകുളം എക്സ്പ്രസുകള്‍ എന്നിവ ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും.