വെള്ളപ്പൊക്ക നിവാരണം: 20.48 കോടി മുടക്കി സിയാല്‍ നിര്‍മിച്ച പാലങ്ങള്‍ തുറന്നു

എ കെ ജെ അയ്യര്‍

വ്യാഴം, 6 ഓഗസ്റ്റ് 2020 (08:51 IST)
വെള്ളപ്പൊക്ക നിവാരണ പദ്ധതിയുടെ ഭാഗമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്(സിയാല്‍) നിര്‍മിച്ച രണ്ട് പാലങ്ങള്‍ പൊതുഗതാഗതത്തിന് തുറന്നുകൊടുത്തു. എ.പി.വര്‍ക്കി റോഡിലും കുഴിപ്പള്ളത്തും 20.48 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാലങ്ങളും അപ്രോച്ച് റോഡുമാണ് പൊതുഗതാതത്തിന് തുറന്നുകൊടുത്തത്.
 
 സമീപത്തെ നാല് പഞ്ചായത്തുകളേയും അങ്കമാലി നഗരസഭയേയും ഉള്‍പ്പെടുത്തിയുള്ള സമഗ്ര വെള്ളപ്പാക്ക നിവാരണ പദ്ധതിയ്ക്ക് കഴിഞ്ഞ വര്‍ഷം സിയാല്‍ തുടക്കമിട്ടിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നിരവധി റോഡുകളും പാലങ്ങളും സിയാല്‍ പണികഴിപ്പിച്ചുവരുന്നു. ചെങ്ങല്‍തോടിന്റെ വടക്കുഭാഗത്ത് എ.പി.വര്‍ക്കി റോഡില്‍ നിര്‍മിച്ച പാലവും തെക്കുഭാഗത്ത് കുഴിപ്പള്ളത്ത് നിര്‍മിച്ച പാലവുമാണ് കഴിഞ്ഞദിവസം പൊതുഗതാഗതത്തിന് തുറന്നുകൊടുത്തത്.
 
എ.പി.വര്‍ക്കി റോഡില്‍ 8.48 കോടി രൂപമുടക്കി പാലവും 4.84 കോടി രൂപ മുടക്കി അപ്രോച്ച് റോഡും പണികഴിപ്പിച്ചു. കുഴിപ്പള്ളത്ത് 8.26 കോടി രൂപമുടക്കിയാണ് പാലം നിര്‍മിച്ചത്. എ.പി.വര്‍ക്കി റോഡില്‍ പാലം പണി പൂര്‍ത്തിയായതോടെ തുറവുംകര മേഖലയിലുള്ളവര്‍ക്ക് ചെങ്ങല്‍, കാലടി, അങ്കമാലി ഭാഗത്തേയ്ക്ക് എളുപ്പത്തില്‍ പോകാനാകും. കുഴിപ്പള്ളം പാലം പൊതുഗതാഗതത്തിന് തുറന്നുകൊടുത്തതോടെ വിമാനത്താവളത്തിന്റെ തെക്കുഭാഗത്തുള്ളവര്‍ക്ക് വേഗത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്താന്‍ കഴിയും. നാലുമാസം കൊണ്ടാണ്. 40 മീറ്റര്‍ നീളത്തിലും 9 മീറ്റര്‍ വീതിയിലുമാണ് പാലങ്ങള്‍ പണികഴിപ്പിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍