വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു. മലബാർ പ്രദേശത്തെ ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. തിരുവമ്പാടി, കാരശ്ശേരി ഭാഗത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മലയോര പ്രദേശങ്ങൾ കടുത്ത ഉരുൾപൊട്ടൽ ഭീഷണിയിലാണ്.
അതിതീവ്ര മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത് വയനാട്ടിലും കോഴിക്കോടും റെഡ് അലർട്ട് പ്രഖ്യാപിച്ചു.പുതുപ്പാടി, കോടഞ്ചേരി പുഴകളിൽ മലവെള്ളപ്പാച്ചിൽ കോടഞ്ചേരി ചെമ്പുകടവ് പാലങ്ങൾ മുങ്ങി. നിലമ്പൂരിലും ഉരുൾപ്പൊട്ടലുണ്ടായി.മലപ്പുറം പോത്തുക്കല്ലിൽ മുണ്ടേരി പാലം ഒലിച്ചുപോയി. ഇതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപൊട്ടി കോളനികളിലുള്ളവർ ഒറ്റപ്പെട്ടു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലമ്പൂരിൽ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 30 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചു.