കനത്ത മഴ, ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കം, താവളം പാലം വെള്ളത്തിനടിയിൽ, പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു ഷട്ടർകൂടി ഉയർത്തി
പാലക്കാട്: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി. മലയോര പ്രദേശങ്ങളിൽ ഉൾപ്പടെ കനത്ത മഴ തുടരുകയാണ്. ഉതോടെ ഭവാനിപ്പുഴയിൽ വെള്ളം പൊങ്ങി. അട്ടപ്പാടി താവളം പാലത്തിൽ വെള്ളം കയറിയിരിയ്ക്കുകയാണ്. ഭവാനി പുഴയോരത്ത് താമസിയ്ക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അട്ടപ്പാടി, നെല്ലിയാമ്പതി ചുരം റോഡുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
ജല നിരപ്പ് വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ പെരിങ്ങൽകുത്ത് ഡാമിൽ ഒരു ഷട്ടർ കൂടി തുറന്നു. ഇന്ന് രാവിലെ 7.20 ഓടെയാണ് ഡാമിന്റെ ഷട്ടർ ഉയർത്തിയത്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഒരു മീറ്ററോളം ഉയർന്നിട്ടുണ്ട്. നേരത്തെ ഒരു ഷട്ടർ തുറന്നിരുന്നു. 424 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. 419 മീറ്റർ ഉയരത്തിൽ ഇപ്പോൾ വെള്ളം ഉണ്ട്. നദീതീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പുഴയിൽ ഇറങ്ങുന്നതിനും മീൻ പിടിയ്ക്കുന്നതിനും കർശന വിലക്കേർപ്പെടുത്തി.