നാണയം മുറിവുകൾ ഉണ്ടാക്കിയില്ല; കഴിച്ചത് നാലു കുപ്പി നിറമുള്ള മധുരപാനിയവും, പഴംപൊരിയും, മരണകാരണം വ്യക്തമാകാൻ ഫോറൻസിക് പരിശോധന
കൊച്ചി: നാണയം വിഴുങ്ങി മൂന്ന് വയസുകാരൻ മരണപ്പെട്ട സംഭവത്തിൽ മരണകാരണം വ്യക്തമാകുന്നതിനായി കുഞ്ഞിന്റെ ആന്തരിക അവയവങ്ങളും, ശരീരത്തിൽ ഉണ്ടായിരുന്ന ഭക്ഷണാവശിഷ്ടവും ഫോറൻസിക് പരിശോഷനയ്ക്ക് വിധേയമാക്കുകയാണ്. നാണയം വിഴുങ്ങിയത് മരണകാരണമാകാൻ സാധ്യതയില്ലെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം.
നാണയം പുറത്തുവരാൻ കുഞ്ഞിന് പഴവും വെള്ളവും നല്‍കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് അമ്മ നന്ദിനി കുട്ടിയ്ക്ക് നാല് കുപ്പി നിറമുള്ള മധുരപാനീയവും പഴം കിട്ടാതിരുന്നതിനാല്‍ പഴംപൊരി വാങ്ങി പുറത്തെ മൈദ നീക്കം ചെയ്തും നല്‍കി. നാണയം വിഴുങ്ങിയ ശേഷം ഇതല്ലാതെ കുട്ടി മറ്റൊന്നും കഴിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾ മൊഴി നൽകിയിരിയ്ക്കുന്നത്. ഒരു രൂപയുടെയും 50 പൈസയുടെയും രണ്ട് നാണയങ്ങളാണ് കുട്ടി വിഴുങ്ങിയിരുന്നത്.
എന്നാല്‍ നാണയങ്ങള്‍ വന്‍കുടലിന്റെ അറ്റത്തു വരെ എത്തിയിരുന്നതിനാല്‍ ഇതല്ല കുട്ടിയുടെ മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. നാണയം കടന്നുപോയെങ്കിലും ആമാശയത്തിലോ കുടലിലോ മുറിവുണ്ടായിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. മരണകാരണം കണ്ടെത്താനായി കുഞ്ഞിന്റെ ആന്തരികാവയവങ്ങളും ആമാശയത്തിലുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങളും പരിശോധനയ്ക്കു അയച്ചു. കാക്കനാട് രാസ പരിശോധനാ ലാബില്‍ നടക്കുന്ന പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകൂ.