പിണറായി കലിച്ചാല്‍ എ ഗ്രൂപ്പിന്റെ കഥ കഴിയും; ബന്ധുനിയമന വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ തിരിയുന്നതില്‍ അസംതൃപ്‌തരായി ഉമ്മന്‍ചാണ്ടി വിഭാഗം!

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (17:30 IST)
ബന്ധുനിയമന വിഷയത്തില്‍ സര്‍ക്കാരിനെ ഇനിയും സമ്മര്‍ദ്ദത്തിലാക്കിയാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം. എ ഗ്രൂപ്പാണ് ബന്ധുനിയമന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് വലിച്ചിഴയ്‌ക്കരുതെന്ന് ആവശ്യപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ കൂടുതല്‍ മുറിവുകള്‍ ഏല്‍ക്കേണ്ടിവരുക തങ്ങള്‍ക്കാകുമെന്നാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും വ്യക്തമാക്കുന്നത്.

പിണറായി വിജയനില്‍ നിന്ന് തിരിച്ചടികള്‍ കൂടുതല്‍ നേരിടേണ്ടി വന്നേക്കുമെന്ന ഭയം മൂലമാണ് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടുനിന്നതെന്നാണ് റിപ്പോര്‍ട്ട്. മുസ്‌ലിം ലീഗ് വിഷയത്തില്‍ മൌനം പാലിക്കുന്നത്  വിജിലന്‍‌സിന്റെ അന്വേഷണങ്ങള്‍ നടക്കുന്നതിനാലാണ്.

സര്‍ക്കാരിനെതിരേ പ്രതിഷേധം കടുപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുമ്പോള്‍ എ ഗ്രൂപ്പ് വിഭാഗം ഇതിലൊന്നും ഭാഗമാകാതെ മാറി നില്‍ക്കുകയാണ്. ബന്ധുനിയമന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ടു നിന്നതും ഇതിന്റെ ഭാഗമായിട്ടാണ്.

കെപിസിസി ഉപാധ്യക്ഷന്‍ എംഎം ഹസനും പിസി വിഷ്‌ണുനാഥും അടക്കം ചില നേതാക്കള്‍ മാത്രം എ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മാര്‍ച്ചില്‍ പങ്കെടുത്തപ്പോള്‍ മറ്റുള്ളവര്‍ വിശ്രമ മുറികളിലും ഭക്ഷണ ശാലകളിലുമായി സമയം ചെലവഴിക്കുകയായിരുന്നു. ബാര്‍ കോഴ അടക്കമുള്ള കേസുകളില്‍ അന്വേഷണം കൂടുതല്‍ നടക്കുന്നത് എ ഗ്രുപ്പ് നേതാക്കള്‍ക്കെതിരേയാണ് ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ അധികം വേട്ടയാടേണ്ടെന്ന് അണിയറയില്‍ തീരുമാനമുണ്ടായത്.

അതേസമയം, സര്‍ക്കാരിനെതിരേ ഏറ്റെടുത്ത് നടത്തിയ പല പ്രതിഷേധങ്ങളും വിജയമാകാത്തതിന്റെ നിരാശയിലാണ് ഐ ഗ്രൂപ്പ്. ഈ സമയം എ ഗ്രൂപ്പ് മാറി നില്‍ക്കുന്നത് ചെന്നിത്തലയെ വിഷമത്തിലാക്കുന്നുമുണ്ട്. പിണറായിയെ പോലെ ശക്തനായ നേതാവിനെ ഇങ്ങനെയൊന്നും നേരിടാന്‍ സാധിക്കില്ലെന്നാണ് പ്രതിപക്ഷത്തു നിന്നു തന്നെ പറയുന്നത്.
Next Article