ആന കുത്തിമറിച്ചിട്ട തെങ്ങിനടിയിൽപ്പെട്ട് പാപ്പാൻ മരിച്ചു. പെരിങ്ങോട്ടുകര പണ്ഡാരത്തറ മണികണ്ഠൻ (32) ആണ് മരിച്ചത്. ചേർപ്പ് ആലപ്പാട് കൊടുപ്പുങ്ങ ക്ഷേത്രത്തിലെ വിഷുപ്പൂരം കഴിഞ്ഞ് സമീപത്ത് തളച്ചിരുന്ന പഴങ്കുളത്ത് കോരൻ മോഹനൻ എന്ന ആനയാണ് അക്രമം കാട്ടിയത്.
ആലപ്പാട് കൊടപ്പുള്ളി ഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച നടന്ന വിഷുപ്പൂരം എഴുന്നള്ളിപ്പിനാണ് ആനയെ കൊണ്ടുവന്നത്. എഴുന്നള്ളിപ്പ് കഴിഞ്ഞപ്പോൾ ആനയെ സമീപത്തെ വളപ്പിൽ തളച്ചു. രാത്രി പന്ത്രണ്ടു മണിയോടെ ആന പരാക്രമം തുടങ്ങുകയായിരുന്നു. കുറച്ച് അകലെ കിടന്ന് ഉറങ്ങുകയായിരുന്ന മണികണ്ഠൻ സമീപത്ത് എത്തി ആനയെ ശാന്തനാക്കാൻ ശ്രമിച്ചു. അരിശം വന്ന ആന കൊമ്പുകൊണ്ട് മണികണ്ഠനെ തട്ടിയെറിഞ്ഞു.
ദൂരെ വീണ മണികണ്ഠന്റെ ദേഹത്തേക്ക് ആന കുത്തിമറിച്ച തെങ്ങ് വന്നു വീഴുകയായിരുന്നു. വീണ തെങ്ങിന്റെ പട്ടയും മറ്റും തലയിലടിച്ച് ഗുരുതരാവസ്ഥയിലായ മണികണ്ഠനെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.