ക്ഷേത്ര ഉത്സവം കണ്ട് മടങ്ങിയ മദ്ധ്യവയസ്കനെ കാട്ടാന ആക്രമിച്ചു കൊന്നതായി റിപ്പോര്‍ട്ട്. മാനന്തവാടിക്കടുത്ത് പാല്‍വെളിച്ചം പാറയ്ക്കല്‍ ശശി എന്നയാളാണ് ചാല്‍ഗദ്ധയ്ക്കടുത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ കാട്ടാനയുടെ ആക്രമണമേറ്റു മരിച്ചത്.
ഉത്സവത്തിനു പോയ ശശി രാത്രി ഏറെയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറരയോടെ ആന ആക്രമിച്ച് മരണം നടന്ന വിവരം അറിഞ്ഞ പൊലീസ് എത്താന്‍ വൈകിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മൃതദേഹം മാറ്റുന്നത് തടഞ്ഞു.
സംഘര്‍ഷം ഉണ്ടായതോടെ കൂടുതല്‍ പൊലീസ് എത്തി. തഹസീല്‍ദാര്‍ ഷാജു സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. കൊല്ലപ്പെട്ട ശശിയുടെ കുടുംബത്തിന് വനം വകുപ്പ് നഷ്ടപരിഹാരമായി 5 ലക്ഷം രൂപയും അടിയന്തിര സഹായമായി 20000 രൂപയും നല്‍കാമെന്ന് അധികാരികള്‍ ഉറപ്പ് നല്‍കി.
ഇത് കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നാലു ലക്ഷം രൂപ കൂടി അനുവദിക്കാന്‍ നടപടി സ്വീകരിക്കും. ഈ പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇതിനു പരിഹാരം ഉണ്ടാക്കാമെന്നും വനം വകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്.