ഒരു വോട്ടാണെങ്കിലും അതിന്റെ വില വേറേ തന്നെ, തൃശൂരില്‍ ഒരൊറ്റ വോട്ടിനു വിജയിച്ചത് പത്ത് പേര്‍

എ കെ ജെ അയ്യര്‍

വ്യാഴം, 17 ഡിസം‌ബര്‍ 2020 (19:39 IST)
തൃശൂര്‍: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയായി നിന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ വേണുഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയോട് ഒരൊറ്റ വോട്ടിനു പരാജയപ്പെട്ടത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അത്രയൊന്നും വലിയ വാര്‍ത്ത ആയില്ലെങ്കിലും  തൃശൂര്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി കേവലം ഒരൊറ്റ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് പത്തുപേരാണ്.
 
കോച്ചന്‍ രഞ്ജിത്ത് കുമാര്‍ എന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബി.ജെ.പിയുടെ അനുമോള്‍ മോത്തിയെ പരാജയപ്പെടുത്തിയത് ഒരൊറ്റ വോട്ടിനാണ്. അതിനൊപ്പം അതിരപ്പിള്ളി പഞ്ചായത്തിലെ പുതുക്കാട്ട് യു.ഡി.എഫിലെ ശാന്തി വിജയകുമാര്‍ സി.പി.ഐയിലെ സുവര്‍ണ്ണ ബാബുവിനെ പരാജയ പ്പെടുത്തിയതും ഒരൊറ്റ വോട്ടിനാണ്.
 
കോടശേരിയിലെ കുറ്റിച്ചിറ വാര്‍ഡില്‍ യു.ഡി.എഫിലെ ജിനി ബെന്നി ഒരൊറ്റ വോട്ടിനു തോല്‍പ്പിച്ചത് ബി.ജെ.പിയിലെ വിദ്യ രഞ്ജിത്തിനെയാണ്. ഇതുപോലെ മുല്ലശേരി പതിയാര്‍കുളങ്ങരയില്‍ യു.ഡി.എഫിലെ മോഹനന്‍ വാഴപ്പള്ളി സി.പി.എമ്മിലെ സീമ ഉണ്ണികൃഷ്ണനെ തോല്‍പ്പിച്ചതും ഒരു വോട്ടിനാണ്.
 
വാടാനപ്പള്ളിയിലെ തൃത്തല്ലൂര്‍ വെസ്റ്റ് വാര്‍ഡില്‍ ബി.ജെ.പിയിലെ മഞ്ജു പ്രേംലാല്‍ സി.പി.എമ്മിലെ ഷീബ ചന്ദ്രബോസിനെ ഒരു വോട്ടിനു പരാജയപ്പെടുത്തി. ഇതുപോലെ പെരിഞ്ഞനത്തെ ആറാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസിലെ സുധാകരന്‍ മണപ്പാട്ടിനെയും ഒരു വോട്ടിനു തോല്‍പ്പിച്ച്.
 
വലപ്പാട്ടെ എടമുട്ടത്ത് എല്‍.ഡി.എഫിലെ മണി ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസിലെ ദിവ്യ ശ്രീജിത്തിനെഹും ഒരു വോട്ടിനാണ് തോല്‍പ്പിച്ചത്. ധാന്യത്തെ അഴിമാവ് വാര്‍ഡില്‍ യു.ഡി.എഫിലെ മിനിജോസ് സി.പി.എമ്മിലെ സുജിത ജോഷിയെയും ഇതേ മാര്‍ജിനില്‍ പരാജയപ്പെടുത്തി.
 
ചെരുപ്പില്‍ ഒന്നാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ പ്രഹ്ലാദന്‍ യു.ഡി.എഫിലെ സുമതി രാഹുവിനെയും എടതിരിഞ്ഞി പടിയൂരിലെ പതതാം വാര്‍ഡില്‍ മാരാംകുളത്ത് യു.ഡി.എഫിലെ സുനന്ദ ഉണ്ണികൃഷ്ണന്‍ എല്‍.ഡി.എഫിലെ യമുന രവീന്ദ്രനെ തോല്‍പ്പിച്ചതും ഒരൊറ്റ വോട്ടിനാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍