കെ സുധാകരന്‍ പിന്‍‌മാറിയതോടെ പിണറായിക്കെതിരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ ചെന്നിത്തലയും മുല്ലപ്പള്ളിയും

ജോര്‍ജി സാം
വ്യാഴം, 18 മാര്‍ച്ച് 2021 (14:09 IST)
ധര്‍മ്മടം നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്‌സരിക്കാനില്ലെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍ വ്യക്‍തമാക്കി. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ താല്‍പ്പര്യമില്ലെന്നും താന്‍ മത്‌സരിച്ചാല്‍ കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളില്‍ അത് ദോഷമാകുമെന്നുമാണ് സുധാകരന്‍ വിശദീകരിച്ചത്.
 
ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്‌സരിച്ചാല്‍ കണ്ണൂര്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകാന്‍ കഴിയില്ല. കെ പി സി സിയും ഹൈക്കമാന്‍ഡും എന്നോട് മത്‌സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുന്നൊരുക്കത്തിന് സമയം ലഭിച്ചില്ല - കെ സുധാകരന്‍ വ്യക്‍തമാക്കി.
 
കെ പി സി സിയുടെയും ഹൈക്കമാന്‍ഡിന്‍റെയും നിര്‍ബന്ധത്തിന് വഴങ്ങി സുധാകരന്‍ ധര്‍മ്മടത്ത് മത്‌സരിക്കാന്‍ തയ്യാറാകുമെന്നാണ് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതീക്ഷിച്ചിരുന്നത്. അവര്‍ സുധാകരന്‍റെ സമ്മതം കിട്ടിയതിന് ശേഷം പ്രഖ്യാപനം നടത്താനായി കാത്തിരുന്നു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് സുധാകരന്‍ നിലപാടെടുത്തതോടെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും.
 
ഡി സി സി സെക്രട്ടറി സി രഘുനാഥിനെ ധര്‍മ്മടത്ത് മത്‌സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ സുധാകരന്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article