കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതൃത്വത്തിന്‍റെ എതിര്‍പ്പിനെ മറികടന്നാണ് ശോഭ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്.
ശോഭയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇടപെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. വി മുരളീധരന്‍റെയും കെ സുരേന്ദ്രന്‍റെയും കടുത്ത എതിര്‍പ്പ് പ്രധാനമന്ത്രി ഇടപെട്ടതോടെ അലിഞ്ഞില്ലാതാവുകയും ശോഭയ്‌ക്ക് കഴക്കൂട്ടത്തേക്ക് വഴി തെളിയുകയുമായിരുന്നു എന്നാണ് വിവരം.
കഴക്കൂട്ടത്ത് ബി ജെ പിക്ക് വന്‍ വോട്ട് വര്‍ദ്ധനവുണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വി മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഒരു വിഭാഗം ആഗ്രഹിച്ചെങ്കിലും കേന്ദ്രമന്ത്രിയായ അദ്ദേഹം മത്സരിക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം വ്യക്‍തമാക്കുകയായിരുന്നു. വി മുരളീധരന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കട്ടെ എന്നാണ് കേന്ദ്രത്തിന്‍റെ പക്ഷം.
കഴക്കൂട്ടത്ത് താന്‍ മത്‌സരിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്‌ത് ഒരു വിഭാഗം പോസ്റ്ററുകള്‍ പതിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ശോഭ സുരേന്ദ്രന്‍റെ ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നായിരുന്നു മുരളീധരന്‍റെയും സുരേന്ദ്രന്‍റെയും തീരുമാനം. അതിനിടെയാണ് പ്രധാനമന്ത്രി നേരിട്ടിടപെടുകയും കഴക്കൂട്ടത്തെ കണ്‍ഫ്യൂഷന്‍ അവസാനിക്കുകയും ചെയ്‌തത്.