സുധീരനെ ഹസന്‍ നിര്‍ത്തിപ്പൊരിച്ചു, നേതൃത്വത്തിന് അഴിമതിയുടെ മുഖമെന്ന് സതീശന്‍ - തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേര്‍ന്ന കെപിസിസി യോഗത്തില്‍ നേതാക്കളുടെ ചെളിവാരിയേറ്

Webdunia
ശനി, 4 ജൂണ്‍ 2016 (15:39 IST)
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ മുഖ്യ ഉത്തരവാദിത്വം കെ പി സി സി പ്രസിഡന്റ് വി എം സുധീരനെന്ന് എം എം ഹസ്സൻ. വി എം സുധീരനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും എ കെ ആന്റണിക്കും എതിരെ കടുത്ത വിമർശനമാണ് കെ പി സി സി ക്യാമ്പ് എക്സിക്ക്യുട്ട്  യോഗത്തിൽ ഉയർന്ന് വന്നത്. 
 
സംഘടനാരംഗത്ത് അടിമുടി മാറ്റം വേണം, തന്റെ സ്ഥാനം താൻ ഒഴിയാമെന്നും അതുപോലെ എല്ലാത്തിനും മാറ്റം ഉണ്ടാകണമെന്നും എം എം ഹസ്സൻ വ്യക്തമാക്കി. അതേസമയം, നേതൃത്വം എടുത്ത തീരുമാനമാണ് തോൽവിയ്ക്ക് കാരണം, നേതൃത്വത്തിൽ തലമുറ മാറ്റം വേണം, വിശ്വാസ്യത ഇല്ല, മതേതര മുഖമില്ല, അഴിമതിയുടെ മുഖമാണ് ഉള്ളതെന്ന് വി ഡി സതീശൻ വിമർശിച്ചു. 
 
മദ്യനയം പാളി എന്ന് പൊതുവിമർശനവും യോഗത്തിൽ ഉണ്ടായി. അതേസമയം, എൻ അഴകേശൻ എ കെ ആന്റണിയെയും വിമർശിച്ചു. മൂന്ന് നേതാക്കളേയും ത്രിമൂർത്തികൾ എന്നാണ് എൻ അഴകേശൻ പരിഹസിച്ചത്. കേരളത്തിന്റെ ആവശ്യം ശ്രദ്ധിക്കണമെന്ന് എ കെ ആന്റണിയോട് അഴകേശൻ പറഞ്ഞു. സർക്കാരിന്റെ വിവാദ ഉത്തരവുകൾ തോൽവിയ്ക്ക് കാരണമായെന്നും, ഇതുമൂലം ദുർബലമായിരുന്ന ഇടതിനെ ശക്തിപ്പെടുത്താൻ അവർക്ക് കഴിഞ്ഞെന്നും യോഗത്തിൽ ഉയർന്ന് വന്നു.
Next Article