സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി. ടിക്കറ്റെടുക്കാന്‍ ഇനി ക്യൂ നില്‍ക്കേണ്ടാ; വീട്ടിലിരുന്നും കാര്യം നടക്കും, ചെയ്യേണ്ടത് ഇത്രമാത്രം

Webdunia
ചൊവ്വ, 23 നവം‌ബര്‍ 2021 (08:31 IST)
ഒ.പി. ടിക്കറ്റെടുക്കാന്‍ അതിരാവിലെ എഴുന്നേറ്റ് ആശുപത്രിയില്‍ പോയി വരിനില്‍ക്കുന്ന പതിവൊക്കെ ഇനി ഉപേക്ഷിക്കാം. ഇനി വീട്ടിലിരുന്നും ഒ.പി. ടിക്കറ്റെടുക്കാന്‍ സാധിക്കും. ഇ-ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപംനല്‍കിയ ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ വഴി ആശുപത്രികളില്‍ മുന്‍കൂട്ടി അപ്പോയിന്‍മെന്റ് എടുക്കാന്‍ സാധിക്കും. ഇ-ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയിന്‍മെന്റ് അതുപോലെ തുടരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 
 
(https://ehealth.kerala.gov.in) എന്നതാണ് ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍. 
 
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം 
 
https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യുക. ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ചെയ്ത നമ്പറില്‍ ഒ.ടി.പി. വരും. ഈ ഒ.ടി.പി. നല്‍കി ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. 
 
ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേഡും ഉപയോഗിച്ച് ആശുപത്രികളിലേക്ക് അപ്പോയിന്‍മെന്റ് എടുക്കാം. 
 
തിരിച്ചറിയല്‍ നമ്പരും പാസ് വേഡും ഉപയോഗിച്ചാണ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യേണ്ടത്. ന്യൂ അപ്പോയിന്‍മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ റെഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപ്പെടുത്തിയശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. എന്നാണ് അപ്പോയിന്‍മെന്റ് വേണ്ടതെങ്കില്‍ അത് തിരഞ്ഞെടുക്കണം. സൗകര്യപ്രദമായ സമയത്ത് ടോക്കണ്‍ എടുക്കാന്‍ സാധിക്കും. അപ്പോയിന്‍മെന്റ് എടുക്കുമ്പോള്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയി ലഭിക്കും. ഈ മെസേജ് ആണ് ആശുപത്രിയില്‍ കാണിക്കേണ്ടത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article