ലൈറ്റ് മെട്രോ: ഇ ശ്രീധരനുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (12:57 IST)
ലൈറ്റ് മെട്രോ വിഷയവുമായി ബന്ധപ്പെട്ട് ഡി എം ആര്‍ സിയുടെ മുഖ്യ ഉപദേഷ്‌ടാവ് ഇ ശ്രീധരനുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭായോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ശ്രീധരനുമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ അവ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കൊച്ചി മെട്രോ പദ്ധതി സംബന്ധിച്ച തീരുമാനമെടുത്തത് ഇ ശ്രീധരന്റെ അഭിപ്രായം പരിഗണിച്ച ശേഷമാണ്. അതേ തീരുമാനം തന്നെയാണ് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ കാര്യത്തിലും എടുത്തത്. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി. കേന്ദ്രസര്‍ക്കാരിന് അയച്ച കത്തുമായി ബന്ധപ്പെട്ട അവ്യക്തതയുണ്ടെങ്കില്‍ അതും പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സര്‍ക്കാരിന്റെ സഹകരണം ലൈറ്റ് മെട്രോ വിഷയത്തില്‍ ലഭിക്കുന്നില്ലെന്ന് ഇ ശ്രീധരന്‍ പരാതിപ്പെട്ടിരുന്നു. ലൈറ്റ് മെട്രോയുടെ കോഴിക്കോട്ടെ ഓഫീസ് ഒഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി കെട്ടിട ഉടമയ്ക്ക് ഡി എം ആര്‍ സി നോട്ടീസും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച ചര്‍ച്ച വിളിച്ചു ചേര്‍ത്തിരിക്കുന്നത്.