നായപ്രേമികള്‍ ഞെട്ടും...തെരുവുനായ വിഷയത്തില്‍ പുതിയ പോംവഴിയും കശാപ്പ് തന്നെ..!

Webdunia
വ്യാഴം, 6 ഓഗസ്റ്റ് 2015 (12:14 IST)
തെരുവു നായ്‌ക്കളുടെ ബാഹുല്യവും ഭീഷണിയും മറികടക്കാന്‍  കേരള ഗ്രാമപഞ്ചായത്തുകളുടെ അസോസിയേഷന്‍ പാസാക്കിയ പ്രമേയം കണ്ടാല്‍ നായപ്രേമികളുടെ മാത്രമല്ല മറ്റ് മൃഗസ്നേഹികളുടെ ഹൃദയം പോലും തകര്‍ന്നുപോകും. നായകളെ കൊല്ലുന്നേ എന്നുപറഞ്ഞായിരുന്നു സംസ്ഥാനത്തും മറുനാട്ടിലും പ്രതിഷേധങ്ങള്‍.

എന്നാല്‍ പഞ്ചായത്ത് അസോസിയേഷന്‍ പറയുന്നത് നായ്ക്കളെ കൊന്നാല്‍ മാത്രം പോരാ അവറ്റകളുടെ മാസം കയറ്റുമതി ചെയ്ത് കാശുണ്ടാക്കണമെന്നാണ്. പ്രമേയം വികാരപരമല്ല എന്നും ശാസ്‌ത്രീയമായ വാദഗതിയാണെന്നുമാണ്‌ അസോസിയേഷന്‍ നിലപാട്‌.

നായ്‌ക്കളെ പരിശോധനയക്ക്‌ വിധേയമാക്കി ശാസ്‌ത്രീയമായ രീതിയില്‍ മാംസം സംസ്‌കരിച്ച്‌ കയറ്റി അയയ്‌ക്കണമെന്നാണ്‌ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്‌. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലും ഫിലിപ്പീന്‍സ്‌, ചൈന തുടങ്ങിയ രാജ്യങ്ങളിലും നായമാംസത്തിന്‌ വന്‍ ഡിമാന്റാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, പ്രമേയം പക്വതയില്ലാത്തതാണെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രി മുനീര്‍ ആവശ്യപ്പെട്ടു. എന്നാല്‍, കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക്‌ നിരത്തിലെ തെരുവുനായ ശല്യത്തിന്റെ ആഴം മനസ്സിലാവില്ലെന്ന്‌ അസോസിയേഷന്‍ കുറ്റപ്പെടുത്തി. മൃഗസ്‌നേഹികള്‍ക്ക്‌ നായകളോട്‌ മാത്രമാണോ സ്‌നേഹമെന്നും അസോസിയേഷന്‍ ചോദിക്കുന്നു.