നായ്‌ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡി ജി പി

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (14:10 IST)
സംസ്ഥാനത്ത് നായ്‌ക്കളെ കൊല്ലുന്നവര്‍ക്ക് എതിരെ നിയമനടപടിയെടുക്കുമെന്ന് ഡി ജി പി ടിപി സെന്‍കുമാര്‍. വാര്‍ത്താസമ്മേളനത്തില്‍ ആണ് ഡി ജി പി ഇക്കാര്യം അറിയിച്ചത്.
 
സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നിയമമല്ല. പൊലീസിന് ഭരണഘടനയും നിയമവും അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് എതിരെ കേസ് എടുക്കണമെന്ന് കാണിച്ച് ഡി ജി പി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
 
അക്രമകാരികളായ നായക്കളെ കൊല്ലേണ്ടത് ആവശ്യമാണെന്ന ഹൈക്കോടതി വിധി മറികടന്നായിരുന്നു ഇത്. ഈ സര്‍ക്കുലര്‍ ഇറക്കിയത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ചോദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഡി ജി പി എത്തിയത്.
 
അക്രമകാരികളായ തെരുവുനായക്കളെ കൊല്ലാന്‍ മാത്രമാണ് കോടതികള്‍ അനുവാദം നല്‍കിയിരിക്കുന്നത്. അതിന്റെ പേരില്‍ തെരുവുനായക്കളെ കൊല്ലാന്‍ ആകില്ലെന്ന് ഡി ജി പി പറഞ്ഞു.