ദിലീപും മഞ്ജുവും പിരിയുന്നത് വൈകും; സംയുക്ത ഹര്‍ജി നല്‍കും

Webdunia
ബുധന്‍, 23 ജൂലൈ 2014 (13:19 IST)
താര ദമ്പതിമാരായ ദിലീപും മഞ്ജുവാര്യരും എറണാകുളം കുടുംബകോടതിയില്‍ സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കാന്‍ ധാരണയായി. ഇതിന്റെ ഭാഗമായി, വിവാഹമോചനം ആവശ്യപ്പെട്ട് ദിലീപ് എറണാകുളം കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കും.

വിവാഹമോചനം ആവശ്യപ്പെട്ടുളള ദീലീപിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചപ്പോള്‍ ദിലീപോ, മഞ്ജു വാര്യരോ ഹാജരായിരുന്നില്ല. തുടര്‍ന്ന് കേസ് അടുത്ത് മാസം 16ലേക്ക് മാറ്റി. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍,  ഈ ഹര്‍ജി പിന്‍വലിച്ച് രണ്ടുപേരും ഒരുമിച്ച് ഹര്‍ജി നല്‍കാനാണ് ഇപ്പോള്‍ ധാരണ.

സംയുക്ത ഹര്‍ജി ആയതിനാല്‍ കാര്യമായ നടപടി ക്രമങ്ങളില്ലാതെ, ആറ് മാസത്തിന് ശേഷം വിവാഹമോചനം കിട്ടും. കൂടാതെ കൌണ്‍സിലിങ് പൂര്‍ത്തിയാകാത്തതിനാല്‍ 16ന് കേസ് പരിഗണിക്കുമ്പോള്‍ ഇരുവരെയും കൌണ്‍സിലിങ്ങിന് വിടുന്ന നടപടിയാണ് കോടതി സ്വീകരിക്കുക.

താനും മഞ്ജുവും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. മഞ്ജുവില്‍ നിന്ന് കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നേരിടുന്നത്. തനിക്കോ കുടുംബത്തിനോ മഞ്ജുവില്‍ നിന്ന് ഒരു പരിഗണനയും കിട്ടിയിട്ടില്ല, തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ദിലീപ് വിവാഹ മോചനത്തിന് ആലുവയിലെ കുടുംബ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.