കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച രാത്രി നടി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് വിളിച്ചതായി പ്രോസിക്യൂഷൻ. രാത്രി പത്തു മണിയോടെ രമ്യയുടെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ച് ദിലീപ് കാര്യങ്ങള്‍ തിരക്കി. രാത്രി 12.30വരെ ഫോണിൽ പലരുമായും ദിലീപ് സംസാരിച്ചെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വ്യക്തമാക്കി.
സംഭവദിവസം രാത്രി ദിലീപ് നടത്തിയ ഇടപെടലുകള്‍ അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലാക്കുന്നു. നിരവധി വ്യക്തികളുമായി ദിലീപ് അന്ന് ഫോണില്‍ സംസാരിച്ചിരുന്നതായും താരത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെ പ്രോസിക്യൂഷന്‍ പറഞ്ഞു.
സംഭവത്തിൽ ദിലീപ് അറസ്റ്റിലായി 68 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് പ്രോസിക്യൂഷന്റെ പുതിയ വെളിപ്പെടുത്തൽ. എന്നാൽ സംഭവം അറിഞ്ഞ് ദിലീപ് വിളിച്ചതാണെന്നും അസ്വാഭാവികത ഒന്നുമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷ നാലാം തവണയും കോടതി തള്ളി. മുഖ്യപ്രതി പൾസർ സുനിയടക്കമുള്ളവർക്കെതിരെ കൂട്ടമാനഭംഗക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പത്തു വർഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റം ദിലീപിനും ബാധകമാണ്. ആ നിലയ്ക്ക് 90 ദിവസം വരെ കുറ്റപത്രം നൽകാൻ സമയമുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഇത് കോടതി അംഗീകരിച്ചു.