നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ നടന്‍ ദിലീപിന് താരസംഘടനയായ അമ്മയുടെ പരസ്യപിന്തുണ. അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനു ശേഷം കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ദിലീപിനായി സംസാരിക്കാന്‍ അമ്മ ഭാരവാഹികള്‍ മുന്നിട്ടിറങ്ങിയത്.
എറണാകുളം ക്രൗണ്‍പ്ലാസയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് താരങ്ങള്‍ ദിലീപിനൊപ്പമെന്ന് വ്യക്തമാക്കുന്ന പ്രസ്‌താവനകള്‍ നടത്തിയത്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയെന്ന് അമ്മ പ്രസിഡൻറ് ഇന്നസെന്റ് വ്യക്തമാക്കിയപ്പോള്‍ എംഎൽഎമാരുമായ മുകേഷും കെബി ഗണേഷ്കുമാറും സീറ്റിൽനിന്ന് എഴുന്നേറ്റ് മാധ്യമപ്രവർത്തകരോടു മറുപടി പറയുകയും പൊട്ടിത്തെറിക്കുകയും ചെയ്‌തു.
മുകേഷും ഗണേഷും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് സംസാരിച്ചപ്പോള്‍ ഇന്നസെന്റിന്റെ ഇടത്തും വലത്തുമായിട്ടായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും മൌനത്തിലായിരുന്നു. വിഷയത്തില്‍ താല്‍പ്പര്യമില്ലാത്ത പോലെ കസേരയില്‍ പിറകിലേക്ക് ചാഞ്ഞിരുന്ന് കണ്ണടക്കുകയും തുറക്കുകയും ചെയ്യുകയായിരുന്നു മമ്മൂട്ടി. ഇടയ്‌ക്ക് അദ്ദേഹം ചുറ്റും നോക്കുകയും മൌനത്തില്‍ മുഴകുകയും ചെയ്‌തു.
ഈ സമയം രംഗങ്ങള്‍ വീക്ഷിക്കുന്നതിനൊപ്പം പേപ്പറില്‍ കുത്തിക്കുറിക്കുകയായിരുന്നു മോഹന്‍ലാല്‍. ഇടയ്‌ക്ക് മീശപിരിക്കുകയും താടി തടവുകയും ചെയ്യുന്ന തിരക്കിലായിരുന്നു അദ്ദേഹം. വാർത്താസമ്മേളനം അവസാനിച്ചുവെന്ന് അറിയിച്ചതോടെയാണ് കഴുത്തില്‍ കിടന്ന ടാഗ് നേരെയാക്കി മോഹന്‍ലാല്‍ കസേരയില്‍ നിന്ന് എഴുന്നേറ്റത്. മമ്മൂട്ടിയാകട്ടെ മാധ്യമപ്രവര്‍ത്തകരോട് ചായ കുടിച്ചിട്ട് പോകാമെന്ന് മാത്രമാണ് പറഞ്ഞത്.
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുമെന്ന് തോന്നിച്ചപ്പോഴാണ് ഇരുവരും മൌനത്തില്‍ മുഴകിയത്. ഇതോടെ സമ്മര്‍ദ്ദത്തിലിരുന്ന ദിലീപ് താല്‍ക്കാലികമായി രക്ഷപ്പെടുകയും ചെയ്‌തു.