കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു പിന്തുണയുമായി രംഗത്ത് എത്തിയ ഗണേഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.
നടിയെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ പൊലീസിനു തെറ്റുപറ്റിയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുത്തണമെന്ന ഗണേഷിന്റെ പരാമര്‍ശം ജാഗ്രതക്കുറവില്‍ നിന്നുണ്ടായതാണ്. ജനപ്രതിനിധിയാണെന്ന കാര്യം ഗണേഷ് മറക്കരുതെന്നും പന്ന്യന്‍ വ്യക്തമാക്കി.
ദിലീപിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ അദ്ദേഹത്തിനു വേണ്ടി മുന്നോട്ട് വരണമെന്നാണ് ഗണേഷ് ചൊവ്വാഴ്‌ച വ്യക്തമാക്കിയത്. കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ ഒരാള്‍ കുറ്റക്കാരനാണെന്ന് നമുക്കും പറയാന്‍ പറ്റുകയുള്ളു. കുറ്റം ആരോപിക്കുന്നുവെന്ന് കരുതി അയാള്‍ കുറ്റക്കാരനല്ല. പൊലീസിന് വീഴ്‌ച പറ്റിയെങ്കില്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് അത് തിരുത്തണമെന്നുമാണ് ഗണേഷ് പറഞ്ഞത്.
ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു ഗണേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ കണ്ടത്.