ഫോണ്‍ തന്നില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം തള്ളുമെന്ന് കോടതി; ഫോണില്‍ ഭാര്യയുമായുള്ള സംഭാഷണമുണ്ടെന്നും തരാന്‍ ബുദ്ധിമുട്ടുണ്ടെന്നും ദിലീപ്

Webdunia
വെള്ളി, 28 ജനുവരി 2022 (16:47 IST)
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് തന്റെ പേഴ്സണല്‍ ഫോണ്‍ അന്വേഷണ സംഘത്തിനു കൈമാറണമെന്ന് ഹൈക്കോടതി. ഫോണ്‍ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ദിലീപിനോട് ചോദിച്ചു. ഫോണ്‍ അന്വേഷണസംഘത്തിനു നല്‍കാത്തത് ശരിയായ നടപടിയല്ലെന്നും ജസ്റ്റിസ് പി.ഗോപിനാഥന്‍ ചൂണ്ടിക്കാട്ടി. ദിലീപിന് തിരിച്ചടിയാകുന്നതാണ് കോടതിയുടെ ഇന്നത്തെ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും. അന്വേഷണസംഘത്തിനു ഫോണ്‍ കൈമാറിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം തള്ളുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഇന്ന് തന്നെ ഫോണ്‍ കൈമാറണമെന്നും ഫോണ്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൊടുത്തുകൂടെ എന്നും കോടതി ചോദിച്ചു.
 
ഫോണ്‍ കൈമാറാത്തതിന്റെ കാരണങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകള്‍ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. അന്വേഷണസംഘം സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ്. ഫോണില്‍ മുന്‍ ഭാര്യയുമായി സംസാരിച്ചതിന്റെ സംഭാഷണമുണ്ട്. താന്‍ മാധ്യമ വിചാരണ നേരിടുകയാണെന്നും ദിലീപ് പറഞ്ഞു. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article