നടിയെ അക്രമിച്ച കേസ്: വിചാരണ നടപടികൾ അന്തിമഘട്ടത്തിലെന്ന് സർക്കാർ സുപ്രീംകോടതിയി‌ൽ

വെള്ളി, 28 ജനുവരി 2022 (14:20 IST)
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ.രണ്ട് പ്രോസിക്യൂഷൻ സാക്ഷികളെ മാത്രമാണ് ഇനി വിസ്‌തരിക്കാനുള്ളത്. കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ ഫെബ്രുവരി 15നകം വിചാരണ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നുള്ളതും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
 
കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. അഞ്ച് സാക്ഷികളെ പുതുതായി വിസ്തരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. ഇതില്‍ മൂന്നുപേരുടെ വിസ്താരം പൂര്‍ത്തിയായതായി സംസ്ഥാന സര്‍ക്കാർ കോടതിയെ അറിയിച്ചു. അതിനാൽ മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
 
അതേസമയം വിചാരണ നടപടികള്‍ ഫെബ്രുവരി 15 ന് മുമ്പ് കഴിയാനിടയില്ലെന്ന് മാര്‍ട്ടിന്‍ ആന്റണിയുടെ അഭിഭാഷകന്‍ അലക്‌സ് ജോസഫ് കോടതിയില്‍ ചൂണ്ടിക്കാട്ടി. വിചാരണ നടപടികള്‍ ഫെബ്രുവരി പതിനഞ്ചിനകം പൂര്‍ത്തിയായില്ലയെങ്കില്‍ ജാമ്യ ഹര്‍ജി ഫെബ്രുവരി അവസാന വാരം പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, എ.എസ് ഓക് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍