മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി, നിരുപാധികം മാപ്പ് ചോദിച്ച് ചീഫ് സെക്രട്ടറി; രണ്ട് മണിക്കൂറുകൾക്കിടയിൽ സംഭവിച്ചത്?

Webdunia
തിങ്കള്‍, 8 മെയ് 2017 (11:44 IST)
ഡിജിപി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ കേസില്‍ സര്‍ക്കാര്‍ നിരുപാധികം മാപ്പ് പറഞ്ഞു. ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീംകോടതിയില്‍ മാപ്പ് അപേക്ഷിച്ചുകൊണ്ടുളള സത്യവാങ്മൂലം നല്‍കി. സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ പെട്ടെന്നുളള നീക്കം.
 
സുപ്രിംകോടതിയുടെ നിര്‍ദേശം പാലിക്കുന്നതില്‍ മനഃപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും ഇനി അഥവാ  വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നുമാണ് നളിനി നെറ്റോ വ്യക്തമാക്കിയത്. വിധി നടപ്പാക്കാന്‍ വൈകിയത് നിയമോപദേശത്തിന് കാത്തിരുന്നതിനാലാണെന്നും വ്യക്തത തേടിയുളള ഹര്‍ജി നല്‍കിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു‍. കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നുണ്ട്.
 
സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും ഇന്ന് ചേർന്ന നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ വന്ന് രണ്ടുമണിക്കൂര്‍ തികയും മുന്നെയാണ് ചീഫ് സെക്രട്ടറി മാപ്പ് പറഞ്ഞുകൊണ്ടുളള സത്യവാങ്മൂലം നല്‍കിയതെന്നതും ശ്രദ്ധേയമാണ്.
 
സംസ്ഥാന പൊലിസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കുന്നത് ചീഫ് സെക്രട്ടറി നളിനി നെറ്റോ ആണെന്ന് കാണിച്ച് ടി പി സെൻകുമാർ കഴിഞ്ഞ ദിവസമാണ് കോടതിയലക്ഷ്യ കേസ് സമർപ്പിച്ചത്.
Next Article