സര്‍ക്കാരുമായി അസ്വാരസ്യത്തിലുള്ള ഡി ജി പി ജേക്കബ് തോമസ് സ്വയം വിരമിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ പത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ജേക്കബ് തോമസ് അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോകാനാണ് തയ്യാറെടുക്കുന്നത്.
ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ് വിശദീകരണക്കുറിപ്പും നല്‌കിക്കഴിഞ്ഞു. കഴിഞ്ഞദിവസം, ഫേസ്‌ബുക്കില്‍ ജേക്കബ് തോമസ്, ‘ജോലിക്കു വേണ്ടി ജീവിക്കണോ അതോ നീതിക്കു വേണ്ടി ജിവിക്കണോ’ എന്ന് ഫേസ്‌ബുക്കില്‍ ചോദിച്ചിരുന്നു. അയ്യായിരത്തിലധികം ലൈക്ക് കിട്ടിയ ഈ പോസ്റ്റ് 2857 പേരായിരുന്നു ഷെയര്‍ ചെയ്തത്.
ജോലിക്കിടയില്‍ എടുത്ത പല നിലപാടുകളും മന്ത്രിസഭയുടെയും സര്‍ക്കാരിന്റെയും വിമര്‍ശനത്തിന് കാരണമായിരുന്നു. പലവട്ടം മന്ത്രിസഭ ചേര്‍ന്ന് തന്റെ കാര്യം മാത്രം ചര്‍ച്ച ചെയ്യുന്നതില്‍ അദ്ദേഹം അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞയിടെ, അമേരിക്കയില്‍ മകളുടെ അടുത്തു പോയ ജേക്കബ് തോമസ് കുടുംബത്തെ അങ്ങോട്ട് പറിച്ചു നടാനുള്ള സാധ്യതകള്‍ അന്വേഷിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു പാട് സാധ്യതകള്‍ അമേരിക്കയില്‍ ഉണ്ടെന്ന് അദ്ദേഹം സുഹൃത്തുക്കളോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ബാര്‍ കോഴ കേസില്‍ കെ എം മാണിക്കെതിരെ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം വന്നപ്പോള്‍ വിധിയെ പരസ്യമായി സ്വാഗതം ചെയ്തതിന് ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരുന്നു. അഗ്‌നിശമന സേനാമേധാവി സ്ഥാനത്തു നിന്ന് നീക്കി പൊലീസ് ഹൌസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം ഡി ആക്കിയപ്പോള്‍ പരാമര്‍ശം നടത്തിയതിനു നേരത്തെയും നോട്ടീസ് നല്കിയിരുന്നു.