എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്ധ പൊലീസ് ഡ്രൈവറായ ഗവാസ്കറിനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽ താൻ ഇടപെട്ടിട്ടില്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ. കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. അവർ കൃത്യമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡിജിപി പറഞ്ഞു.
അന്വേഷണം നടക്കുകയാണ്. ഒരു കേസുണ്ടായാൽ ഉടനെ തന്നെ തെളിവുകൾ ലഭിക്കണം എന്നില്ല. കൃത്യമായ തെളിവ് ലഭിച്ചു കഴിഞ്ഞാൽ കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും ലോക്നാഥ് ബെഹ്‌റ കൂട്ടിച്ചേർത്തു.
ഈ മാസം 14നാണ് സംഭവം ഉണ്ടാകുന്നത്. മർദ്ദനമേറ്റ ഗവസ്കർ പരാതി നൽകിയതോടെ പൊലീസിലെ ദാസ്യപ്പണിയുടെ വിവരങ്ങൾ കൂടുതൽ പുറത്താവുകയായിരുന്നു. സംഭവം സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചതായി മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു, എന്നാൽ അന്വേഷണം തുടങ്ങി ഇത്ര ദിവസം കഴിഞ്ഞിട്ടും സ്നിഗ്ധയെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.