കണ്ണീരോടെ വിട, ദേവനന്ദയുടെ മൃതദേഹം സംസ്കരിച്ചു, അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ

Webdunia
വെള്ളി, 28 ഫെബ്രുവരി 2020 (19:55 IST)
കൊല്ലം: കൊല്ലം ഇളവൂരിൽ ഇത്തക്കര ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ദേവനന്ദയ്ക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിനായി ആയിരങ്ങളാണ് എത്തിച്ചേർന്നത്. പെൺകുട്ടിയുടെ അമ്മയുടെ വീടായ ഇളവൂരിലും പെൺകുട്ടി പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതു ദർശനത്തിന് വച്ച ശേഷമാണ് മൃതദേഹം കുടവട്ടൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചത്.
 
പള്ളിമൺ ഇളവൂരിൽ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഇന്നലെ രാവിലെയോടെയാണ് ദേവനന്ദയെ കാണാതാവുന്നത്. ഉടൻ തന്നെ സമീപത്തെ ആറ്റിൽ ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. കുട്ടിയെ കണ്ടെത്തുന്നതിനായി വാഹനങ്ങൾ ഉൾപ്പടെ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
എന്നാൽ ഇന്ന് രവിലെ വീടിന് 500 മീറ്ററോളം മാറി ആറിന്റെ വിജമായ പ്രദേശത്തുനിന്നും ദേവനന്ദയുടെ മൃതദേഹം മുങ്ങൽ വിദഗ്ധർ കണ്ടെത്തുകയായിരുന്നു. 
 
ആറിന്റെ അരികിലെ കുറ്റിക്കാടിനോട് ചേർന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ദേവനന്ദയുടേത് മുങ്ങിമരണമാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും ഉണ്ടായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ദേവനന്ദ പുഴയിലേക്ക് കാൽ വഴുതി വീണതാകാം എന്നാണ് അനുമാനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article