തൃശൂർ കേരളവർമ്മ കോളേജില്‍ ബീഫ് ഫെസ്‌റ്റിവല്‍ നടത്തിയതിന് അനുകൂലമായി ഇട്ട ഫേസ്‌ബുക്ക് പോസ്‌റ്റിട്ട അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ നടപടിയെടുക്കാനുമുള്ള നീക്കം എന്തു വില കൊടുത്തും ചെറുത്തുതോൽപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദൻ.
സംഘപരിവാർ അജണ്ടയുടെ കുഴലൂത്തുകാരായി കോളേജ് മാനേജ്‌മെന്റ് മാറുന്നത് അത്യന്തം അപലപനീയമാണ്. അദ്ധ്യാപികയ്ക്കെതിരെ നടപടി എടുക്കാനുള്ള കോളേജ് അധികൃതരുടെ നീക്കം സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾ ഭാരതത്തെ ഭ്രാന്താലയമാക്കി മാറ്റുകയാണെന്നും വിഎസ് പ്രസ്താവനയിൽ പറഞ്ഞു.
ആരു പാടണം, ഏതു ഗാനം ആലപിക്കണം, എന്തു വരയ്ക്കണം, എന്ത് എഴുതണം, എന്ത് ഭക്ഷിക്കണം ഇതെല്ലാം തങ്ങൾ തീരുമാനിക്കുമെന്ന ഹുങ്കാണ് വർഗീയ ഫാസിസ്‌റ്റുകള്‍ക്ക് ഉള്ളത്. ഇത്തരം വർഗീയ ശക്തികൾ ആദ്യം ഉന്നം വയ്ക്കുന്നത് കലാലയങ്ങളെയാണെന്നും വിഎസ് പറഞ്ഞു.
അധ്യാപികയായ ദീപ നിശാന്തിനെ ക്രൂശിക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജിലെ ബീഫ് വിവാദം വിഷയത്തില്‍ ദീപ ടീച്ചര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ഞാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്നും ഞാന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബീഫ് ഫെസ്‌റ്റിവല്‍ നടത്തിയതിന് അനുകൂലമായി ഇട്ട ഫേസ്‌ബുക്ക് പോസ്‌റ്റില്‍ ഉറച്ചു നില്‍ക്കുന്നതായി അധ്യാപികയായ ദീപ നിശാന്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ തന്റെ നിലപാട് ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. അതില്‍ ഖേദവുമുണ്ട്. ഫേസ്‌ബുക്ക് പോസ്‌റ്റ് കോളജിനെതിരെ അല്ലായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ നിലപാടുകളെയാണ് താന്‍ വിമര്‍ശിച്ചതെന്നും അധ്യാപിക വ്യക്തമാക്കി. സംഭവം പോസ്‌റ്റ് വിവാദമായതോടെ കോളജിന്റെ ഉടമസ്ഥരായ കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് എംപി ഭാസ്‌കരൻ നായര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രിൻസിപ്പലിനാണ് അന്വേഷണച്ചുമതല.