യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ എ, ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്. സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഐഗ്രുപ്പ് ഉയര്‍ത്തിയത്. ഡീന്‍ കുര്യാക്കോസ് ശബ്ദമില്ലാത്ത നായകനാണെന്നും യൂത്ത് കോണ്‍ഗ്രസ് അത്യാസന്ന നിലയിലാണെന്നുമാണ് ഐഗ്രൂപ്പ് വിമര്‍ശനം.
അതേസമയം സംഘടനയിലെ വിമത പ്രവര്‍ത്തനം ഏതുവിധേനെയും ചെറുക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. സംഘടനയില്‍ അടിച്ചമര്‍ത്തിയാല്‍ പരസ്യമായി വിമതപ്രവര്‍ത്തനത്തിന് ഇറങ്ങുമെന്ന് ഐ ഗ്രൂപ്പ് നേതാവ് സി.ആര്‍ മഹേഷ് വെല്ലുവിളിച്ചു. വാക്പോരിനിടെ റിജില്‍ മാക്കുറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
ബാര്‍ കോഴയിലും ദേശീയ ഗെയിംസ് സംഘാടനത്തിലും സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി പ്രതിസന്ധിയിലായപ്പോള്‍ പോലും സംഘടനയുടെ സംസ്ഥാന അധ്യക്ഷന് ശബ്ദമുയര്‍ത്താന്‍ സാധിക്കാതെ പോയെന്നും സംഘടന തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് വന്‍ പരാജയമായതായും ഐ ഗ്രൂപ്പ് വിമര്‍ശിച്ചു. ദേശീയ ഗെയിംസ്, ബാര്‍ കോഴ ആരോപണങ്ങളില്‍ ഗണേഷ് കുമാര്‍ അടക്കമുളളവര്‍ ഉന്നയിച്ച വിമര്‍ശനങ്ങളോട് യോജിക്കുന്ന സമീപനമായിരുന്നു യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായതും വിമര്‍ശനമുയര്‍ന്നു.
ഭരണപക്ഷത്തിന് ഉളളവര്‍ പോലും ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കാന്‍ മാത്രമേ യൂത്ത് കോണ്‍ഗ്രസിന് സാധിക്കുന്നുളളു. അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയുന്നില്ല തുടങ്ങിയ വിമര്‍ശനങ്ങളും യോഗത്തില്‍ ഉയര്‍ന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് പോരാണ് യൂത്ത് കോണ്‍ഗ്രസിലേക്കും വ്യാപിച്ചത്.