മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട്ടെ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി, തീവ്രവാദി ഗ്രൂപ്പ് ഏതെന്ന് വ്യക്തമാക്കണമ്മെന്ന് ലീഗ്
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുസ്ലീം തീവ്രവാദി ഗ്രൂപ്പുകളാണ് മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും വെച്ച് നൽകുന്നതെന്ന സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്റെ വാക്കുകൾക്കെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പി മോഹനന്റെ വാക്കുകൾ ഉദ്ധരിച്ച് സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം നിലനിൽക്കുന്നുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു.
നേരത്തെ കോഴിക്കോടുള്ള മുസ്ലീം സംഘടനകളാണ് മാവോയിസ്റ്റുകൾക്ക് വളം വെച്ച് കൊടുക്കുന്നതെന്ന് കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു. എന്നാൽ സഭക്ക് പുറത്തുള്ളവരുടെ പ്രസ്താവനകൾ ഗൗരവകരമായി കാണെണ്ടതില്ലെന്ന് വിഷയത്തിൽ ഇ പി ജയരാജൻ മറുപടി നൽകി.
എന്നാൽ ഈ കാര്യത്തിൽ കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനെ അനുകൂലിച്ച് ബി ജെ പി രംഗത്തെത്തി. പി മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ ബി ജെ പി ഈ കാര്യത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.