കൈത്തണ്ടയിലും പുസ്തകത്തിലും കാമുകന്റെ പേര്, മരിക്കുന്നതിനു മുൻപ് വരെ അനുപ്രിയ റിനാസിനൊപ്പമായിരുന്നു; അറസ്റ്റ്

Webdunia
ശനി, 14 ഡിസം‌ബര്‍ 2019 (13:12 IST)
കാമുകന്റേയും ബന്ധുക്കളുടേയും ഭീഷണിയെ തുടർന്ന് മുക്കത്ത് ആത്മഹത്യ ചെയ്ത ദളിത് പെൺകുട്ടി അനുപ്രിയയുടെ മരണത്തിൽ പ്രതിഷേധം  കനക്കുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകൻ റിനാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് റിനാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.  
 
മരിച്ച വിദ്യാർത്ഥിനിയുടെ സഹപാഠികളുടെയും ബന്ധുക്കളെയും മൊഴിയും ഇയാൾക്കെതിരാണ്. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ വിദ്യാർത്ഥിനി ഇയാൾക്കൊപ്പമായിരുന്നെന്നും കടുത്ത മാനസിക പ്രയാസം പെൺകുട്ടി അനുഭവിച്ചിരുന്നതായും ഇവർ പറയുന്നു. 
 
നേരത്തെ പെൺകുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുകൾ പറഞ്ഞിരുന്നു. തങ്ങളെ കേസിൽ നിന്നും പിന്തരിപ്പിക്കാൻ ചിലർ ശ്രമിച്ചതായും ഇവർ ആരോപിച്ചു. പെൺകുട്ടി മരിച്ച ദിവസം കാമുകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരൻ വെളിപ്പെടുത്തുകയും ചെയ്തു. 
 
സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ പെൺകുട്ടി വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടി ഡയറിയായി സൂക്ഷിച്ച പുസ്തകം മുക്കം പൊലീസ് കണ്ടെടുത്തു. പുസ്തകത്തിലും പെൺകുട്ടിയുടെ കൈത്തണ്ടയിലും യുവാവിന്റെ പേര് എഴുതി വെച്ചിട്ടുണ്ടായിരുന്നു. മരിക്കും മുൻപ് കാമുകന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായി അനുപ്രിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും പൊലീസിനു മൊഴി ലഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article