'കേരളത്തില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ പോകുന്നു'; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജം

Webdunia
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (08:41 IST)
അതിശക്തമായ ചുഴലിക്കാറ്റ് കേരള തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. കഴിഞ്ഞ രണ്ട് ദിവസമായാണ് ഇത്തരത്തിലൊരു സന്ദേശം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍, ഈ സന്ദേശത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 
 
കേരളത്തില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു ചുഴലിക്കാറ്റ് മേല്‍ പറഞ്ഞ വ്യാജ മെസ്സേജില്‍ പറയുന്ന ദിവസങ്ങളില്‍ (ഒക്ടോബര്‍ 20,21,22) കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം പ്രകാരം നിലവില്‍ തെക്കന്‍ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നു. അടുത്ത 2-3 ദിവസങ്ങളില്‍  തുടരാന്‍ സാധ്യത. ഇതിന്റെ സ്വാധീനത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 24 വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലൊടു കൂടിയ മഴക്ക് സാധ്യത. ഒക്ടോബര്‍ 21 നു ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article