തൃശൂർ വടക്കാഞ്ചേരി പർളിക്കാട് സ്വദേശിയായ മുഹമ്മദ് അഷ്‌റഫിന് 2017ൽ ഉണ്ടായ അപകടത്തിലാണ് തന്റെ വലതുകാൽപാദത്തിന് പരിക്കേൽക്കുന്നത്. അറ്റുപോയ കാല്പാദം തുന്നിചേർക്കേണ്ടി വന്നു അഷ്‌റഫിന്. അന്നേ ലഡാക്ക് യാത്ര മനസിലിള്ള അഷ്‌റഫ് ഡോക്‌ടറിനോട് അഭ്യർത്ഥിച്ചത് ഒരൊറ്റ കാര്യമാണ്, കാൽ മുറിക്കരുത്. പിന്നീട് പല ശസ്‌ത്രക്രിയകളും നടത്തി കാൽ ഏകദേശരൂപം പ്രാപിച്ചുവെങ്കിലും അധികദൂരം നടക്കാൻ പോലും പറ്റാത്ത സ്ഥിതിയായിരുന്നു.
സഞ്ചരിക്കാൻ സൈക്കിളിനെ കൂടെ കൂട്ടിയപ്പോൾ അഷ്‌റഫിന്റെ മനസ്സിൽ പുത്തൻ ധൈര്യം വന്നു. തുടർന്ന് സൈക്കിളിൽ ഊട്ടി, കൊടൈക്കനാൽ മലകൾ ചവിട്ടിക്കയറി ആത്മവിശ്വാസം നേടി. പക്ഷേ ആറ് മാസം മുൻപ് കാലിന്റെ അവസ്ഥ വീണ്ടും മോശമായി. ഒരു അസ്ഥി തൊലിതുളച്ചു പുറത്തു വരുന്ന സ്ഥിതിയായി. അന്നും കാൽ മുറിക്കാനായിരുന്നു ഡോക്ടർമാരുടെ ഉപദേശം.
എന്നാൽ സുഖം പ്രാപിച്ച ഉടനെ അഷ്‌റഫ് പൊടിതട്ടിയെടുത്തത് തന്റെ ലഡാക്ക് യാത്രാമോഹമായിരുന്നു.മുത്തു വ്ലോഗ്സ് എന്ന യുട്യൂബ് ചാനലിലൂടെ യാത്ര രേഖയാക്കി. രണ്ടു തവണ കോവിഡ്, ശക്തമായ ആസ്മ, ന്യൂമോണിയ ഇവയെല്ലാം അതിജീവിച്ചായിരുന്നു അന്‍വറിന്റെ ലഡാക്ക് യാത്ര. ജൂലൈ 19നു തൃശൂർ വടക്കുന്നാഥൻ ക്ഷേത്രമുറ്റത്ത് നിന്നും യാത്ര തുടങ്ങിയ അഷ്‌റഫ് ഓഗസ്റ്റ് 30ന് ജമ്മുവിലെത്തി.